ഗുരുഗ്രാം: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാംഗ്ചുക് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയിൽ നിന്ന് മടങ്ങി. 26 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായ അദ്ദേഹത്തെ ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് തിങ്കളാഴ്ച അദ്ദേഹം ആശുപത്രി വിട്ടത്.
ആശുപത്രി വിട്ടതിന് പിന്നാലെ ഭാര്യ ഗീതാഞ്ജലി ആങ്മോയ്ക്കൊപ്പം ഡൽഹിയിലെ രാജ്ഘട്ടിലെത്തിയ അദ്ദേഹം മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തിൽ പ്രണാമം അർപ്പിച്ചാണ് മടങ്ങിയത്. രാജ്ഘട്ട് സന്ദർശനത്തിന് ശേഷം ലഡാക്കിലെ തന്റെ സ്വവസതിയിലേക്ക് മടങ്ങുമെന്ന് വാംഗ്ചുക് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഇന്റേണൽ മെഡിസിൻ, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങൾ സംയുക്തമായി നൽകിയ വിദഗ്ധ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മേദാന്ത ആശുപത്രി അധികൃതർ വ്യക്തമാക്കി. ജൂൺ 28-നാണ് ലഡാക്കിന്റെ പ്രത്യേക പദവിക്കായുള്ള സമരത്തിൽ വാംഗ്ചുക്ക് പങ്കുചേർന്നത്. തുടർന്ന് നിരാഹാര സമരം തുടരവെ ജൂലൈ 18-ന് അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെ താൻ തടങ്കലിലെന്ന പോലെയാണ് കഴിഞ്ഞതെന്ന് അദ്ദേഹം പിന്നീട് ആരോപിച്ചിരുന്നു.