ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലെ നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡർ തുടങ്ങിയ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ അറ്റകുറ്റപ്പണി നടത്താൻ വൈകുന്നതിൽ വലിയ പ്രതിഷേധം. വിവിധ പദ്ധതികൾ16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് ജീവനക്കാരുടെ പ്രതിഷേധം കനത്തത്. നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡർ വിഭാഗങ്ങളിലെ ജീവനക്കാർ താമസിക്കുന്ന ചാത്തുണ്ണിപ്പാറ ഭാഗത്തുള്ള ജി ടൈപ്പ് ക്വാർട്ടേഴ്സാണ് അപകടാവസ്ഥയിലുള്ളത്.
വർഷങ്ങളുടെ പഴക്കമുള്ള 34 ക്വാർട്ടേഴ്സുകളാണ് ഇവിടെയുള്ളത്. ജീവനക്കാർക്കൊപ്പം കുട്ടികളും പ്രായമായ മാതാപിതാക്കളുമുണ്ട്. എന്നാൽ, ബലക്ഷയം വന്ന കെട്ടിടത്തിൽ വലിയ ശോച്യാവസ്ഥയ്ക്ക് നടുവിലാണ് ജീവനക്കാരും കുടുംബാംഗങ്ങളും താമസിക്കുന്നത്.
ക്വാർട്ടേഴ്സിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ജീവനക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും പിഡബ്ല്യുഡി അധികൃതർക്കും നിവേദനം നൽകിയിരുന്നതാണ്.
എന്നാൽ, ഇതുവരെ നടപടിയില്ല. ക്വാർട്ടേഴ്സിലെ ഇലക്ട്രിക് വയറിംഗ് തകർന്നനിലയിലാണ്. സ്വിച്ച് ബോർഡ് പൊട്ടിപ്പൊളിഞ്ഞ് തൂങ്ങിക്കിടക്കുന്നു. ഇതു വലിയ അപകടഭീഷണി ഉയർത്തുന്നുണ്ട്.
മുറികളുടെ തറയും സീലിംഗുമെല്ലാം പൊട്ടിപ്പൊളിഞ്ഞു. ഇതിനു പുറമേ അടുക്കളയും ശുചിമുറിയും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പല ശുചിമുറികളും പൊട്ടിയൊലിക്കാൻ തുടങ്ങിട്ട് ഏറെനാളായി. ദുർഗന്ധം സഹിച്ചാണ് ഇവിടെയുള്ളവരുടെ താമസം. ഒട്ടുമിക്ക ക്വാർട്ടേഴ്സും ചോരുന്നതും ജനൽപ്പാളികൾ തകർന്നു ജനൽക്കമ്പികൾ തുരുമ്പ് പിടിച്ച സാഹചര്യത്തിലുമാണ്. ഇക്കൂട്ടത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്വാർട്ടേഴ്സുമുണ്ട്.
ഇവിടത്തെ റോഡിൽ കുണ്ടുംകുഴിയും നിറഞ്ഞിരിക്കുന്നു. ക്വാർട്ടേഴ്സിൽ മെയിന്റനൻസും പെയിന്റിംഗും നടന്നിട്ടു വർഷങ്ങളായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സാഹചര്യത്തിൽ കാലപ്പഴക്കം ചെന്ന ക്വാർട്ടേഴ്സിൽ അറ്റകുറ്റപ്പണി നടത്തുമെന്നാണ് ജീവനക്കാർ കരുതിയിരുന്നത്.
എന്നാൽ ബന്ധപ്പെട്ട അധികൃതർ ജീവനക്കാരുടെ ആവശ്യത്തെ അവഗണിക്കുകയായിരുന്നു