തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 270 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു മന്ത്രി കെ. മുരളീധരൻ. നിർമാണത്തിലെ ക്രമക്കേടുകൾ, സാങ്കേതിക പിഴവുകൾ, പ്രവൃത്തി നിർവഹണത്തിലെയും മേൽനോട്ടത്തിലെയും വീഴ്ചകൾ, സാന്പത്തിക ക്രമക്കേടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി.
ഇത് കൂടാതെ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാങ്കേതിക സമിതിയെ നിയോഗിച്ച് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും മന്ത്രി ആവശ്യപ്പെട്ടു. 2026 ഫെബ്രുവരി 16നാണു കഴിഞ്ഞ സർക്കാർ പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. മാസങ്ങൾക്കുള്ളിൽത്തന്നെ കെട്ടിടത്തിലെ സീലിംഗ് പലതവണ തകർന്നുവീണു. സീലിംഗ് തകർച്ചയ്ക്കു പുറമെ കെട്ടിടത്തിന്റെ സിവിൽ, പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികളിലും ഗുരുതരമായ അപാകതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമാണം നടത്തിയത്, നിർമാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകളും മേൽനോട്ടവും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.