കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ല് പറിക്കുന്നതിനു പകരം ഡോക്ടർ മറ്റൊരു പല്ലാണ് എടുത്തുമാറ്റിയതെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ നാദാപുരം പൊലിസിൽ പരാതി നൽകി.
പല്ല് പറിക്കുന്നതിനായി കുട്ടി അമ്മയോടൊപ്പമാണ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കുശേഷം ഡോക്ടർ ഒരു പല്ല് എടുത്തുമാറ്റുകയും വായിൽ വെച്ച പഞ്ഞി പിന്നീട് നീക്കം ചെയ്താൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ വീട്ടിലെത്തി പഞ്ഞി നീക്കം ചെയ്തപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് പറിച്ചുമാറ്റിയതെന്ന് മനസിലായതെന്ന് കുടുംബം പരാതിയിൽ പറയുന്നു.
തുടർന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലെത്തി ഡോക്ടറോട് വിവരം അന്വേഷിച്ചപ്പോൾ മറ്റേ പല്ലുകൂടി എടുത്തുതരാമെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി അറിയിച്ചെങ്കിലും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.