നവംബർ 19 ലോക പാൻക്രിയാറ്റിക് കാൻസർ ദിനമായി ആചരിക്കുമ്പോൾ ചർച്ച ചെയ്യേണ്ട ഒരു പ്രധാന കാര്യമാണ് ഈ രോഗത്തിനെതിരേ മെഡിക്കൽ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ.
പാൻക്രിയാസിൽ ഒരു ട്യൂമർ അല്ലെങ്കിൽ മുഴ കണ്ടെത്തിയാൽ രോഗിയും കുടുംബവും ആദ്യം നേരിടുന്നത് വലിയൊരു ആശയക്കുഴപ്പമാണ്.
സ്കാനിംഗിൽ ഒരു മുഴ കണ്ടതുമുതൽ അത് കാൻസറാണോ എന്ന് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സയിലേക്ക് എത്തുന്നതുവരെയുള്ള ഘട്ടങ്ങളും അതിൽ വന്നിട്ടുള്ള മുന്നേറ്റങ്ങളും എന്തൊക്കെയാണെന്ന് തിരിച്ചറിയാം.
പാൻക്രിയാറ്റിക് കാൻസറിനെക്കുറിച്ചുള്ള ചർച്ചകളിൽ ഇന്ന് ലോകം ഉറ്റുനോക്കുന്ന ഒരു പുതിയ അറിവാണ് ജനിതക പരിശോധനകളുടെയും "സ്മാർട്ട്' ടാബ്ലെറ്റുകളുടെയും വരവ്.
മുൻകാലങ്ങളിൽ എല്ലാ രോഗികൾക്കും ഒരേ രീതിയിലുള്ള കീമോതെറാപ്പിയാണ് നൽകിയിരുന്നതെങ്കിൽ, ഇന്ന് ട്യൂമറിന്റെ ജനിതക ഘടന മനസ്സിലാക്കി കൃത്യമായി അതിനെ മാത്രം നശിപ്പിക്കുന്ന "പ്രിസിഷൻ ഓങ്കോളജി' രീതിയിലേക്ക് ശാസ്ത്രം വളർന്നു കഴിഞ്ഞു.
ആദ്യ ഘട്ടം: കൃത്യമായ രോഗനിർണയവും സ്റ്റേജിംഗും
ഒരു സാധാരണ അൾട്രാസൗണ്ട് സ്കാനിൽ പാൻക്രിയാസിൽ മുഴ കണ്ടെത്തിയാൽ ഉയർന്ന റെസല്യൂഷനുള്ള (3ഡി) സിടി സ്കാൻ അല്ലെങ്കിൽ എംആർഐ സ്കാൻ നിർദേശിക്കുന്നു.
ഇത് മുഴയുടെ കൃത്യമായ വലുപ്പവും അത് സമീപത്തെ പ്രകൃതിദത്ത രക്തക്കുഴലുകളിലേക്ക് പടർന്നിട്ടുണ്ടോ എന്നും മനസിലാക്കാൻ സഹായിക്കും.
ചില സാഹചര്യങ്ങളിൽ എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് വഴി ട്യൂമറിനോട് ഏറ്റവും അടുത്തുള്ള കോശങ്ങൾ എടുത്ത് ബയോപ്സി നടത്താറുണ്ട്. ഇതോടൊപ്പം രക്തത്തിലെ "സിഎ 19-9' പോലുള്ള ട്യൂമർ മാർക്കറുകളുടെ അളവും പരിശോധിക്കും.
എന്നാൽ ഏകദേശം 10 ശതമാനം രോഗികളിൽ ഈ മാർക്കർ സ്വാഭാവികമായി കാണപ്പെടാറില്ല എന്നതിനാൽ, ആധുനിക എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് മാർക്കറുകളും ഇന്ന് രോഗനിർണയത്തിന് ഉപയോഗിക്കുന്നുണ്ട്.
ശസ്ത്രക്രിയയുടെ സാധ്യതകൾ
സ്കാനിംഗ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ ട്യൂമറുകളെ പ്രധാനമായും മൂന്നായി തിരിക്കുന്നു
- റിസെക്റ്റബിൾ: മറ്റ് അവയവങ്ങളിലോ പ്രധാന രക്തക്കുഴലുകളിലോ പടരാത്ത മുഴകൾ ശസ്ത്രക്രിയയിലൂടെ പൂർണമായി നീക്കം ചെയ്യാൻ സാധിക്കും. പാൻക്രിയാസിന്റെ തലപ്പത്താണ് മുഴയെങ്കിൽ "വിപ്പിൾസ് പ്രൊസീജിയർ' വഴിയും വാലിലെ ഭാഗത്താണെങ്കിൽ "ഡിസ്റ്റൽ പാൻക്രിയാറ്റെക്ടമി' വഴിയുമാണ് ഇത് ചെയ്യുന്നത്.
- ബോർഡർലൈൻ റിസെക്റ്റബിൾ: പ്രധാന രക്തക്കുഴലുകളോട് ചേർന്ന് നിൽക്കുന്ന മുഴകൾ.
- അഡ്വാൻസ്ഡ് അല്ലെങ്കിൽ മെറ്റാസ്റ്റാറ്റിക്: കരളിലേക്കോ ശ്വാസകോശത്തിലേക്കോ പടർന്നവ.
ചികിത്സയിലെ പുതിയ മാറ്റങ്ങൾ
മുൻപ് ട്യൂമർ കണ്ടെത്തിയാൽ ഉടൻ തന്നെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ അത്യാധുനിക മെഡിക്കൽ പഠനങ്ങൾ പ്രകാരം ശസ്ത്രക്രിയയ്ക്ക് മുൻപായി കീമോതെറാപ്പി നൽകുന്നത് രോഗിയുടെ ക്ഷേമത്തിന് കൂടുതൽ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് ട്യൂമറിന്റെ വലുപ്പം കുറയ്ക്കാനും രക്തക്കുഴലുകളിൽ നിന്നുള്ള അതിന്റെ പിടി അയയ്ക്കാനും സഹായിക്കുന്നു. അതിലുപരിയായി, രോഗനിർണയ സമയത്ത് തന്നെ നടത്തുന്ന ബയോമാർക്കർ ടെസ്റ്റിംഗ് ചികിത്സയെ പൂർണമായും മാറ്റിമറിക്കുന്നു.
പാൻക്രിയാറ്റിക് കാൻസറുകളിൽ 90 ശതമാനത്തിലധികം കാണപ്പെടുന്ന "കിർസ്റ്റൺ റാറ്റ് സാർക്കോമ വൈറൽ ഓങ്കോജീൻ ഹോമോലോഗ്' എന്ന ജനിതക മാറ്റത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന "ദരാക്സൺരാസിബ്' (Daraxonrasib) പോലുള്ള പുതിയ ടാബ്ലെറ്റുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നവയാണ്.
പരമ്പരാഗത കീമോതെറാപ്പിയെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറഞ്ഞ ഇത്തരം സ്മാർട്ട് മരുന്നുകൾ രോഗികളുടെ അതിജീവന സാധ്യത ഇരട്ടിയാക്കുന്നതായി വ്യക്തമാക്കുന്നു. കൂടാതെ വയറിന് മുകളിൽ ഘടിപ്പിക്കാവുന്ന "ഒപ്റ്റ്യൂൺ പാക്സ്' പോലുള്ള പോർട്ടബിൾ വൈദ്യുത തരംഗ ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്.
മൾട്ടി ഡിസിപ്ലിനറി ചികിത്സയും തുടർന്നുള്ള പരിചരണവും
സർജൻ, മെഡിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, ഗാസ്ട്രോഎൻട്രോളജിസ്റ്റ് എന്നിവരടങ്ങുന്ന ഒരു മൾട്ടി ഡിസിപ്ലിനറി ടീം ചേർന്നാണ് ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സാ പ്ലാൻ തയാറാക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം അവശേഷിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ അഡ്ജുവന്റ് കീമോതെറാപ്പി നൽകാറുണ്ട്. പാൻക്രിയാസിന്റെ പ്രധാന ധർമ്മം ദഹനപ്രക്രിയയും ഇൻസുലിൻ ഉത്പാദനവുമായതുകൊണ്ട്, ചികിത്സയ്ക്ക് ശേഷം രോഗികൾക്ക് പ്രത്യേക ഡയറ്റും പാൻക്രിയാറ്റിക് എൻസൈം ഗുളികകളും ആവശ്യമായി വരാം.
കൃത്യമായ ഇടവേളകളിലുള്ള തുടർപരിശോധനകൾ കാൻസർ വീണ്ടും വരാതിരിക്കാൻ അത്യാവശ്യമാണ്. പാൻക്രിയാസിൽ ഒരു മുഴ കണ്ടെത്തുന്നത് ഭയപ്പെടുത്തുന്ന ഒന്നാണെങ്കിലും ശാസ്ത്രം ഇന്ന് നൽകുന്ന പ്രതീക്ഷകൾ വലുതാണ്.
ആദ്യത്തെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ കൃത്യമായ ചികിത്സ ആരംഭിക്കുന്നത് അതിജീവന സാധ്യത വർധിപ്പിക്കുന്നു എന്നതിനാൽ രോഗനിർണയം എത്രയും വേഗത്തിലാക്കുക എന്നതും ഏറ്റവും അനുയോജ്യമായ വ്യക്തിഗത ചികിത്സാരീതി തിരഞ്ഞെടുക്കുക എന്നതുമാണ് പ്രധാനം.
തയാറാക്കിയത്: ഡോ. പി. അനന്ദു
അസോസിയേറ്റ് കൺസൾട്ടന്റ് - മെഡിക്കൽ ഓങ്കോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി.