തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) പൊതുപണം ഉപയോഗിച്ച് തിരുവനന്തപുരം ടെന്നീസ് ക്ലബിൽ കോർപറേറ്റ് അംഗത്വം നേടിയ സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.
അംഗത്വത്തിനും അനുബന്ധ ചെലവുകൾക്കുമായി 19.13 ലക്ഷം രൂപ ചെലവഴിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അടിയന്തരമായി അന്വേഷിക്കാൻ നിർദേശിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
പണമിടപാടുകളുടെ വിശദാംശങ്ങൾ, തീരുമാനമെടുത്ത ഉദ്യോഗസ്ഥർ ആരെല്ലാം എന്നീ കാര്യങ്ങൾ അന്വേഷിക്കും. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ അടങ്ങുന്ന വിശദ റിപ്പോർട്ട് സമർപ്പിക്കണം. പൊതുപണം ദുരുപയോഗം ചെയ്തവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.