നെന്മാറ: മേലാർകോട് ഉങ്ങിൻചുവട് മേഖലയിൽ അഞ്ചു വീടുകൾക്കുനേരെ സാമൂഹികവിരുദ്ധർ നടത്തിയ സോഡാകുപ്പി ആക്രമണം പ്രദേശവാസികളിൽ ഭീതി പരത്തി. കഴിഞ്ഞ ദിവസം പുലർച്ചെയോടെയുണ്ടായ ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായി.
ഉങ്ങിൻചുവട് ആർ. നാരായണൻകുട്ടി, മേലാർകോട് കല്ലമ്പാട് ആർ. ഹരിദാസ്, സി. ബാലചന്ദ്രൻ, പ്രഫ.സി. ചന്ദ്രൻ, അധ്യാപിക സൗമ്യ എന്നിവരുടെ വീടുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ ആർ. നാരായണൻകുട്ടിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻവശത്തെയും വശങ്ങളിലെയും ചില്ലുകൾ പൂർണമായും തകർന്നു. വീടിന്റെ മേൽക്കൂരയിലെ ഓടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
മറ്റു നാലുവീടുകൾക്കു മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്കും സോഡാകുപ്പി എറിഞ്ഞ് കേടുപാടുകൾ വരുത്തിയതായി പരാതിയുണ്ട്. സംഭവസമയത്ത് സ്കൂട്ടറിൽ എത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാരുടെ പ്രാഥമിക സംശയം.
ആക്രമണത്തിനുശേഷം സംഘം അതിവേഗം രക്ഷപ്പെട്ടതായും ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വ്യക്തിവൈരാഗ്യമാണോ സാമൂഹികവിരുദ്ധരുടെ ആസൂത്രിത നീക്കമാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിച്ചുവരികയാണ്. ആലത്തൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.