തിരുവനന്തപുരം: മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാൻ തയാറാകാതെ സിപിഎം സംസ്ഥാന നേതൃത്വം. ബിനീഷിന്റെ അംഗത്വം പുതുക്കാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, "അത് അവിടുത്തെ പ്രാദേശിക കാര്യമാണ്" എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി യോഗത്തിനു മുന്നോടിയായി പ്രതികരിച്ചത്.
ബിനീഷ് കോടിയേരിയെ പാർട്ടിയിലേക്കു തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തിൽ സംസ്ഥാന നേതൃത്വവും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തമ്മിലുള്ള ഭിന്നത ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ബിനീഷ് കോടിയേരിയുടെ അംഗത്വ അപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നാല് തവണയാണ് സംസ്ഥാന നേതൃത്വത്തിനു കത്ത് നൽകിയത്. എന്നാൽ, ഈ ശിപാർശകൾക്കൊന്നും ഇതുവരെ സംസ്ഥാന നേതൃത്വം യാതൊരു വിലയും കൽപ്പിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പാർട്ടിയെ സജീവമായി പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബിനീഷിനെ എന്തുകൊണ്ടാണ് പാർട്ടി ഇത്തരത്തിൽ മാറ്റിനിർത്തുന്നത് എന്ന ചോദ്യം യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ചു. പാർട്ടിക്കു വേണ്ടി സജീവമായി രംഗത്തുള്ള ബിനീഷിനെ മാറ്റിനിർത്തുന്നതിൽ പ്രാദേശിക തലത്തിൽ അതൃപ്തി പുകയുമ്പോഴും അംഗത്വം പുതുക്കി നൽകേണ്ടതില്ലെന്ന കർശന നിലപാടിൽ തന്നെയാണ് സിപിഎം സംസ്ഥാന നേതൃത്വം.