പുതുക്കാട്: ജോലിസ്ഥലത്തെ മാനസിക പീഡനത്തെത്തുടർന്ന് പാലപ്പിള്ളി കുണ്ടായി ഹാരിസണ്‍ എസ്റ്റേറ്റിലെ വനിതാ വാച്ചര്‍ ജീവനൊടുക്കി. ചെമ്പുച്ചിറ സ്വദേശി ഊട്ടുപുരയ്ക്കല്‍ ബാലന്റെ മകള്‍ മഞ്ജുഷയാണ് (41) ജോലിസ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഫാക്ടറിയിലെ മൂന്നു പേരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് പൊലിസ് കണ്ടെടുത്തു.
ഫാക്ടറിയിലെ വാച്ചര്‍ ആയിരുന്ന മഞ്ജുഷയെ 20 ദിവസമായി പുറമേയുള്ള തോട്ടത്തിലേക്കു തനിച്ചാണ് ജോലിക്ക് അയയ്ക്കുന്നത്. ആനയും പുലിയും ഇറങ്ങുന്ന പ്രദേശത്ത് തനിച്ച് ജോലിക്കുപോകുന്നതുമൂലമുള്ള പ്രയാസത്തിലായിരുന്നു മഞ്ജുഷ.
കഴിഞ്ഞ ജൂലൈയില്‍ ജോലിക്കിടെ മറ്റൊരു മാനേജ്മെന്റ് സ്റ്റാഫില്‍നിന്ന് അനുമതി വാങ്ങി 15 മിനിറ്റ് പുറത്തുപോയിരുന്നു. ഇതേത്തുടര്‍ന്ന് മാനേജ്മെന്റിലെ ആല്ബിന് എന്നയാള്‍ മഞ്ജുഷയുടെ ഫോണിലേക്ക് അസഭ്യംപറഞ്ഞ് മെസേജ് അയച്ചിരുന്നുവത്രേ. ഇതിനെതിരേ പരാതി നല്‍കുമെന്ന് മഞ്ജുഷ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് ആല്‍ബിനും ജീവനക്കാരായ വര്‍ഗീസ്, ബെന്നി എന്നിവരും ചേര്‍ന്ന് മാനസികപീഡനം നടത്തിയതെന്നു പറയുന്നു. ഇവരുടെ പേരുകൾ ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ആല്ബിന് പലതവണ ഇവരെ വീട്ടുജോലി നിര്‍ബന്ധിപ്പിച്ച് ചെയ്യിപ്പിച്ചതായും പറയുന്നു.
മൂന്നു വര്ഷംമുന്പ് മഞ്ജുഷയ്ക്ക് ജോലിക്കിടെ സോളാര്‍ വേലിയില്‍നിന്നു ഷോക്കേറ്റ് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഫാക്ടറി കോമ്പൗണ്ടിലാണ് ഇവര്‍ വാച്ചറായി ജോലിചെയ്തിരുന്നത്.
വരന്തരപ്പിള്ളി പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മഞ്ജുഷയുടെ മരണത്തെത്തുടര്‍ന്ന് എസ്റ്റേറ്റില്‍ ഇന്നലെ തൊഴിലാളികള്‍ പണിമുടക്കി.