കൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന് ഓടിച്ച ബെൻസ് കാറിടിച്ചു സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ കാറുടമയും പതിനേഴുകാരന്റെ പിതാവുമായ അഡീഷണൽ ജഡ്ജിക്കെതിരേ കേസെടുത്തു. ഇതോടെ നരഹത്യക്കു കേസെടുത്ത പതിനേഴുകാരനൊപ്പം പിതാവും പ്രതിയായി.
കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ (55) കുടുംബത്തിന്റെ പ്രതിഷേധത്തിനൊടുവിലാണു പിതാവിനെതിരേ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന് ഉടമയ്ക്കെതിരേ കേസെടുക്കാമെന്ന മോട്ടര്‍ വാഹന നിയമം 199 എ പ്രകാരമാണു കേസ്. മൂന്നു വര്‍ഷത്തെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പതിനേഴുകാരനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കായിരുന്നു ആദ്യം കേസെടുത്തത്. പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് 17കാരനെതിരേ നരഹത്യാക്കുറ്റം ചുമത്തി ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഞായറാഴ്ച രാത്രിതന്നെ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ജില്ലാ കോടതിയെ സമീപിക്കാനാണു പൊലിസിന്റെ നീക്കം. ഇതിനായി അപ്പീല്‍ നല്‍കും.
അന്വേഷണം ക്രൈംബ്രാഞ്ചിന്
ബെൻസ് കാറിടിച്ചു സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തില്‍ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. പ്രത്യേക സംഘത്തെ ഉടന്‍ നിശ്ചയിക്കും. കേസെടുത്തതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നു സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു.
ആദ്യം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 17കാരന്റെ ഫോണില്‍നിന്നു വാഹനം 100 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ സഞ്ചരിച്ചതിന്റെ തെളിവും ലഭിച്ചു.