തൊടുപുഴ: കുടിശിക അടച്ചില്ലെന്ന കാരണം പറഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെത്തുടര്‍ന്ന് ഇരുട്ടിലായ കുടുംബത്തിന് സഹായവുമായി തൊടുപുഴ മര്‍ച്ചന്റ്സ് യൂത്ത് വിംഗ്.
തൊടുപുഴ അമ്പലം വാര്‍ഡ് ആനക്കൂട് ചാത്തന്‍മലയിലെ തൊഴിലാളിയുടെ വീട്ടിലെ വൈദ്യുതിബന്ധമാണ് കെഎസ്ഇബി തൊടുപുഴ നമ്പര്‍-1 സെക്ഷനിലെ ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചത്.
വൈദ്യുതി ബില്‍ തുക കുടിശികയായതോടെ ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ ഫ്യൂസ് ഊരുകയും കണക്ഷന് വിച്ഛേദിക്കുകയുമായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം. കുട്ടികള്‍ കരഞ്ഞപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് മെഴുകുതിരി വെട്ടത്തിലാണ് കുട്ടികള്‍ പഠിച്ചിരുന്നത്.
വിവരമറിഞ്ഞ വാര്‍ഡ് കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന് വിഷയം മര്‍ച്ചന്റ്സ് യൂത്ത് വിംഗ് ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യൂത്ത് വിംഗ് ഭാരവാഹികള്‍ വീട്ടിലെത്തി കുട്ടികള്‍ക്ക് പഠനസഹായമായി എമര്‍ജന്‍സി ലൈറ്റുകള്‍ കൈമാറി.
പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ജനറല്‍ സെക്രട്ടറി ജോര്‍ജുകുട്ടി ജോസ്, കെ.എം. മുനീര്‍, എം.ബി. താജു, അഭിലാഷ് പെരുനിലം, ബിനു കീരിക്കാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ലൈറ്റുകള്‍ കൈമാറിയത്.