തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം. മുൻ കായികമന്ത്രി വി.അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലനും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയും വീഴ്ച വരുത്തിയതായി എസ്ഐടി കണ്ടെത്തി.
എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈകാര്യങ്ങളുള്ളത്. മുൻ മന്ത്രിക്കൊപ്പം സത്യപാലനും ഷറഫലിക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ ശിപാർശ. അർജന്റീന വിഷയത്തിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അനുകൂലമായി സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കാൻ വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് സത്യപാലനെതിരായ പ്രധാന കണ്ടെത്തൽ.
വകുപ്പ് സെക്രട്ടറിയുടെ അറിവില്ലാതെ ഫയൽ നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും കത്തുകളിലൂടെ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് സ്പോൺസറുമായും അർജന്റീനഫുട്ബോൾ അസോസിയേഷനുമായും ഒപ്പിട്ട കരാറിൽ സാക്ഷിയായി യു. ഷറഫലി പങ്കെടുത്തതും അന്വേഷണസംഘം പരിശോധിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ.