മെഗാവാട്ടിന്റെ കോട്ടം മൂലം നാട്ടുകാർ വെട്ടമില്ലാതെ നെട്ടോട്ടമോടുന്ന കാലം. അരണ്ട വെളിച്ചത്തിരിക്കാന്‍ ഇഷ്ടമുള്ളവര്പോലും മെഗാവാട്ടില്ലാത്ത ഇരുട്ടിൽ അനിഷ്ടത്തിലാണ്. മെഗാവാട്ട് കുറഞ്ഞതിന്റെ പേരിൽ കറന്റ് കട്ട് മെഗാസീരിയൽ പോലെ ആയതോടെയാണ് ജനമിടഞ്ഞത്.
മഹാകുഴപ്പം പിടിച്ച വകുപ്പാണ് വഴിതെറ്റി തന്റെ തലയില്‍ വന്നുകയറിയതെന്ന വാദവുമായി സണ്ണിവക്കീല്‍ മുന്‍കൂര്‍ ജാമ്യമെടുത്തു. പക്ഷേ, വക്കീലിന്റെ ഈ വാദംകൊണ്ടു മാത്രം ജനങ്ങളുടെ കോടതിയില്‍ കേസ് ജയിക്കില്ലെന്നു വന്നതോടെ മെഗാതോട്ടുമായി മുഖ്യമന്ത്രിയും രംഗത്തിറങ്ങി. എവിടെയെങ്കിലും മെഗാവാട്ട് കിട്ടാനുണ്ടെങ്കിൽ എങ്ങനെയും കേരളത്തിലെത്തിക്കുമെന്നു പ്രഖ്യാപിച്ചു.
കുറഞ്ഞ വിലയില്‍ കിട്ടിയിരുന്ന കറന്റ് മുന്‍ സര്‍ക്കാര്‍ മുട്ടാപ്പോക്ക് പറഞ്ഞു കട്ടാക്കിയതാണ് ഇപ്പോള്‍ കറന്റ് കട്ടായി വരുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന തോട്ട്. ആരെ വട്ടംപിടിച്ചിട്ടായാലും വേണ്ടില്ല, വെട്ടം കണ്ടാല്‍ മതിയെന്ന മട്ടിലായിരുന്നു ആദ്യം ജനങ്ങളുടെ നിലപാട്. അതേസമയം, ആരെ തട്ടാനും മുട്ടാനും സർക്കാർ തയാറാണെന്നും എന്നാൽ താങ്ങേണ്ടിവരുന്നത് ജനങ്ങളായിരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് തന്നതോടെ തമസല്ലോ സുഖപ്രദം എന്നു പിറുപിറുത്തുകൊണ്ട് അവർ പുരയ്ക്കകത്തേക്കു കയറി മെഴുകുതിരി ഒരെണ്ണം കത്തിച്ചു. മെഗാവാട്ടിനു വാട്ടം കേരളത്തിൽ മാത്രമല്ലെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ജനങ്ങൾ വാട്ടം തീർക്കാനുള്ള ഒാട്ടത്തിലാണെന്നും ഇതിനിടയിൽ മുഖ്യമന്ത്രിയുടെ പൂക്കിബുദ്ധിയിൽ കണ്ടെത്തി. അതോടെ ആശ്വാസം കൂടി. നമുക്ക് ഇല്ലാത്തപ്പോൾ അവർക്കും ഇല്ലല്ലോ, സമാധാനം!
മെഗാവാട്ട് ഇല്ലാത്തതിനെച്ചൊല്ലി സർക്കാർ നെട്ടോട്ടമോടുമ്പോൾ മഹാസമരക്കാരായ സഖാക്കൾ പക്ഷേ, ഒരു ജിഗാപൂട്ടിൽ അകപ്പെട്ടിരിക്കുകയായിരുന്നു, മെഗാ സംസ്ഥാന കമ്മിറ്റി!
എന്തുകൊണ്ട് നമ്മൾ തോറ്റു... എന്നതായിരുന്നു വിഷയം. സാധാരണ സംസ്ഥാന കമ്മിറ്റിയിലെ പരിപ്പുവടയിലും കട്ടൻചായയിലും ചർച്ച ഒതുങ്ങില്ലെന്നു തോന്നിയതുകൊണ്ടാവണം മെഗാവാട്ടുള്ള കമ്മിറ്റിതന്നെ വിളിച്ചുകൂട്ടിയത്. ഹൈടെൻഷൻ ചർച്ചകളാണ് നടന്നതെന്നാണ് മാധ്യമങ്ങൾ പറയുന്നത്. കേന്ദ്ര കമ്മിറ്റിയില്‍നിന്നും പോളിറ്റ് ബ്യൂറോയില്‍നിന്നും പതിവായി കിട്ടിയിരുന്ന മെഗാവാട്ട് കിട്ടാതെവന്നതോടെ സംസ്ഥാന നേതൃത്വം ഇരുട്ടത്തിരിക്കുകയായിരുന്നത്രേ. സംസ്ഥാന സെക്രട്ടറിക്ക് വോള്‍ട്ടേജ് തീരെയില്ലെന്നായിരുന്നു ഒരു പ്രധാന വിമര്‍ശനം. പാർട്ടിയുടെ ഫീഡർ ഒാഫ് ചെയ്തുവച്ചിട്ടാണ് ഭാര്യക്ക് ഇലക്ഷൻ കണക്ഷൻ നല്‍കിയതെന്നും വിമര്‍ശനം വന്നു.
വിമർശനം കൂടിയ വാട്ടിൽ ആയതോടെ തട്ടി തട്ടിന്‍പുറത്ത് ഇട്ടിരുന്ന കണ്ണൂരിലെ പഴയ ഹൈടെന്‍ഷന്‍ ട്രാന്‍സ്ഫോര്‍മര്‍ പൊടിതുടച്ചെടുത്തു. ഇതു സംസ്ഥാന സെക്രട്ടേറിയറ്റില്വച്ചു ചാര്‍ജ് ചെയ്യാൻ തീരുമാനിച്ചു. കറന്റ് വന്നും പോയീം നിന്നിരുന്ന തിരുവനന്തപുരത്തെ കുട്ടി ഫ്യൂസും ശരിക്കു കെട്ടി സെക്രട്ടേറിയറ്റില്‍ കുത്തി. ഇതോടെ എല്ലാ ഫീഡറും ഒാഫ് ചെയ്യാതെ ഒാടിക്കാമെന്ന മട്ടിലാണ് പാര്‍ട്ടി. ഇനിയും കുറവുള്ള മെഗാവാട്ടുകള്‍ നികത്താന്‍ ജനങ്ങളിലേക്ക് ഇറങ്ങാനാണ് ഇപ്പോൾ തീരുമാനം.
ഇതിനിടയിലാണ് മരംമുറിഞ്ഞ് അഗസ്റ്റിൻ ബ്രദേഴ്സിന്റെ ലൈനിൽ വീണതു മൂലമുള്ള മെഗാവാട്ടിന്റെ കുറവ്. ആ കുറവ് നികത്താന്‍ ചാനലിനുള്ളിലെ ഫീഡര്‍ ഓണ്‍ ചെയ്യാന്‍ പൊലിസ് തന്നെ നേരിട്ടെത്തി. പൊലിസ് വന്നു കയറിയതിനാല്‍ പ്രസാരണ നഷ്ടം ഉണ്ടായെന്നാണ് കാപ്പിയും മൊട്ട ഓംലെറ്റും കഴിച്ചുകൊണ്ട് ചിലര്‍ പറഞ്ഞത്. മെഗാവാട്ട് കണ്ടെത്താൻ മാധ്യമസ്ഥാപനത്തിലെ കസേരയുടെ ഫ്യൂസ് ഊരിയതു തീരെ ശരിയായില്ലെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ, പൊലിസ് ചാനലിൽ കയറിയത് മെഗാവാട്ട് തേടിയല്ല മെസിവാട്ട് തേടിയാണെന്നു പറഞ്ഞു സതീശൻജിയും ചെന്നിത്തലജിയും കൈ കഴുകി. ഇപ്പോൾ കുപ്പിയിലെ വെള്ളം ഉപയോഗിച്ച് കറന്റ് ഉണ്ടാക്കാൻ കഴിയുമോയെന്ന ഗവേഷണത്തിലാണ് ആന്റപ്പൻ.
ഇതിനിടെ പ്രതീക്ഷിക്കാതെ ഒരു ഷോക്ക് കോട്ടയം വിജിലൻസ് കോടതിയിൽനിന്ന്. മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ സ്വത്തിൽ ആവശ്യത്തിൽ കൂടുതൽ മെഗാവാട്ട് കണ്ടെത്തിയ കോടതി തിരുവനന്തപുരം സെൻട്രൽ ജയിൽ ഫീഡറിലേക്കു തിരിച്ചുവിട്ടു! ഇനി മെഗാവാട്ടിൽ വിരിയുന്ന പാട്ടുകൾക്കായി കാത്തിരിക്കാം..
മിസ്ഡ് കോൾ
പൊലിസിന് എവിടെയും കയറി നോക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
- വാർത്ത
പേരെന്തുവാ? ഭരത്ചന്ദ്രൻ!