ന്യൂയോർക്ക്: ഔട്ട്ലുക്ക്, ടീംസ്, എഐ അസിസ്റ്റന്റായ കോപൈലറ്റ് എന്നിവയുൾപ്പടെയുള്ള മൈക്രോസോഫ്റ്റ് സേവനങ്ങൾ ആഗോളതലത്തിൽ തടസപ്പെട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ഉപയോക്താക്കളെയാണു സാങ്കേതികതകരാർ ബാധിച്ചത്. സേവനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകുന്നില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. വേഡ്, എക്സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് തുടങ്ങിയ മൈക്രോസോഫ്റ്റ് 365 ആപ്ലിക്കേഷനുകളുടെ പ്രവർത്തനത്തെയും തകരാർ ബാധിച്ചിട്ടുണ്ട്.
പ്രശ്നത്തിനു വ്യക്തമായ പരിഹാരം ഇതുവരെ കണ്ടെത്താനായിട്ടില്ല. ട്രാഫിക് വർധനവ് കാരണം ഏറ്റവും പുതിയ പരിഹാരശ്രമങ്ങളിലും തടസങ്ങൾ നേരിടുന്നുണ്ടെന്നും തകരാറിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
സെർവറുകളിലെ ഭാരം കുറയ്ക്കുന്നതിനും ശേഷി വർധിപ്പിക്കുന്നതിനുമായി വെർച്വൽ മെഷീനുകളുടെ എണ്ണം കൂട്ടുകയാണെന്നും പ്രവർത്തനരഹിതമായ മെഷീനുകൾ കണ്ടെത്തി പുതിയ നെറ്റ്വർക്ക് മാറ്റങ്ങൾ അവയിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ചില മെഷീനുകൾ തകരാറിലായ അവസ്ഥയിൽത്തന്നെ തുടരുന്നത് മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് തടസമാകുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള 30 മുതൽ 40 ലക്ഷം വരെ സ്ഥാപനങ്ങൾ മൈക്രോസോഫ്റ്റ് 365 ഉപയോഗിക്കുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 43 കോടി ഉപയോക്താക്കളെ ഈ സാങ്കേതിക തകരാർ ബാധിച്ചിട്ടുണ്ടാകാമെന്നാണു വിലയിരുത്തൽ. ഫോർച്യൂൺ 500 കമ്പനികളിൽ 90 ശതമാനത്തിലധികവും കോപൈലറ്റ് ഉപയോഗിക്കുന്നവരാണ്.
തകരാർ സംഭവിച്ചതിങ്ങനെ
പസഫിക് സമയം ഇന്നലെ രാവിലെ 7.40ഓടെയാണ് വടക്കേ അമേരിക്കൻ മേഖലയിൽ ടീംസ് സേവനങ്ങളിൽ തകരാർ റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇമെയിൽ അക്കൗണ്ടുകൾ തുറക്കുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തടസം നേരിടുന്നതായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പരാതികൾ ഉയർന്നു. തത്സമയ സേവന തടസങ്ങൾ നിരീക്ഷിക്കുന്ന ‘ഡൗൺഡിറ്റക്ടറിൽ’ ഏകദേശം 1,30,000 പരാതികളാണു രേഖപ്പെടുത്തിയത്.
വിവിധ മേഖലകളിലുണ്ടായ അമിത ട്രാഫിക്കിനെത്തുടർന്നുള്ള കണക്ടിവിറ്റി പ്രശ്നങ്ങളാണു തകരാറിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സെർവറുകളിൽ സുരക്ഷിതമായ കണക്ഷനുകൾ സ്ഥാപിക്കുന്ന പ്രക്രിയയിലുണ്ടായ അമിതഭാരം കാരണം ചില സെർവറുകളുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തകരാർ ആരംഭിച്ച സമയത്ത് വരുത്തിയ ചില കോൺഫിഗറേഷൻ മാറ്റങ്ങൾ കമ്പനി പിൻവലിച്ചുതുടങ്ങിയിട്ടുണ്ട്. അതേസമയം, ഇതിനു പിന്നിൽ സൈബർ ആക്രമണമാണെന്നതിന് യാതൊരു സൂചനയുമില്ലെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
വിവിധ രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ബാധിച്ചു
ഓസ്ട്രേലിയയിലെ സർക്കാർ വകുപ്പുകൾ, സ്കൂളുകൾ, കോടതികൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ തകരാർ സാരമായി ബാധിച്ചു. തായ്വാനിലും ഓഫീസ് പ്രവർത്തനങ്ങൾ തടസപ്പെട്ടു. ഇന്നു പുലർച്ചെ മൂന്നിനും ഒന്പതിനുമിടയിൽ നൂറിലധികം പരാതികളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
മൈക്രോസോഫ്റ്റുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റു തേർഡ് പാർട്ടി സേവനങ്ങളെയും തകരാർ ബാധിച്ചിട്ടുണ്ട്. തങ്ങളുടെ മൈക്രോസോഫ്റ്റ് കണക്ടറുകളിൽ പ്രശ്നങ്ങളുണ്ടെന്ന് ഓപ്പൺഎഐയും ആന്ത്രോപിക്കും അറിയിച്ചു. സേവനങ്ങൾ എപ്പോൾ പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന കാര്യത്തിൽ മൈക്രോസോഫ്റ്റ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.