റബാത്ത് (മൊറോക്കോ): ലോകകപ്പ് അടക്കമുള്ള ഫിഫ ടൂര്‍ണമെന്റുകളില്‍ സ്വകാര്യനിക്ഷേപം സ്വീകരിക്കാനുള്ള പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയുടെ നീക്കം പരാജയപ്പെട്ടെങ്കിലും വിവാദങ്ങള്‍ക്ക് അവസാനമില്ല.
പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനായി ഇന്‍ഫാന്റീനോ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തത് മൊറോക്കോയില്വച്ചായിരുന്നു. 2030 ഫിഫ ലോകകപ്പ് ഫൈനല്‍ മൊറോക്കോയില്‍ അനുവദിക്കാമെന്ന ധാരണയിലാണ്, ഇന്‍ഫാന്റീനോ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയാറെടുക്കുകയാണ് ഇന്‍ഫാന്റീനോ.
അവകാശവാദവുമായി സ്പെയിൻ രംഗത്ത്
ഇന്‍ഫാന്റീനോ 2030 ഫൈനല്‍ തീരുമാനിച്ചു കഴിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സ്പാനിഷ് കായിക മന്ത്രാലയം രംഗത്തെത്തി.
2030 ഫിഫ ലോകകപ്പ് ഫൈനല്‍ സ്പെയിനിന് അര്‍ഹതപ്പെട്ടതാണെന്നു കായിക മന്ത്രി മിലാഗ്രോസ് ടൊലോണ് വ്യക്തമാക്കി. അതേസമയം, 2030 ലോകകപ്പ് ഫൈനല്‍ മൊറോക്കോയ്ക്കു നല്‍കാമെന്ന ധാരണയില്‍ എത്തിയിട്ടില്ലെന്ന് ഫിഫ പത്രക്കുറിപ്പിറക്കി.
സ്പെയിന്, പോര്‍ച്ചുഗല്‍, മൊറോക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് ഫൈനല്‍ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഫിഫ ലോകകപ്പിന്റെ നൂറാം വാര്‍ഷികമെന്ന നിലയില്‍, പ്രഥമ ലോകകപ്പിന്റെ (1930) ആതിഥേയ ഭൂഖണ്ഡമെന്ന നിലയില്‍ ലാറ്റിനമേരിക്കയിലെ ഉറുഗ്വെ, അര്‍ജന്റീന, പരാഗ്വെ എന്നിവിടങ്ങളില്‍ സെന്റിനറി മത്സരങ്ങളും നടക്കും.
അര്‍ജന്റീന പിന്തുണച്ചു; ഇംഗ്ലണ്ട് എതിര്‍ത്തു
ബുവേനോസ് ഐറിസ്/ലണ്ടന്‍: അര്‍ജന്റീന, മെക്സിക്കോ ഫുട്ബോള്‍ അസോസിയേഷനുകള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്ക് പൂര്‍ണ പിന്തുണ നല്കി.
കഴിഞ്ഞ 10 വര്‍ഷമായി ഇന്‍ഫാന്റീനോയുടെ നേതൃത്വത്തിലുള്ള ഫിഫ എക്സിക്യൂട്ടീവ് നടത്തിയ മികച്ച പ്രകടനത്തിനൊപ്പം അടിയുറച്ചു നില്ക്കുന്നതായി അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ അറിയിച്ചു. മെകിസ്ക്കന്‍, ആഫ്രിക്കന്‍ അസോസിയേഷനുകളും ഇന്‍ഫാന്റീനോയ്ക്ക് ഒപ്പമുണ്ട്.
എന്നാല്‍, ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് പിന്തുണ പിന്‍വലിച്ചു.