ഡിട്രോയിറ്റ്: മിലൻ (മിഷിഗൺ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) പ്രസിഡന്റ് ആന്റണി മണലേലിന്റെ അധ്യക്ഷതയിൽ മിലന്റെ ഓൺലൈൻ മീറ്റ് നടന്നു. വൈസ് പ്രസിഡന്റ് സതീഷ് മാടമ്പത്ത് യോഗകാര്യങ്ങൾ ചർച്ച ചെയ്തു. ഭാവി പരിപാടികളെപ്പറ്റിയും സംസാരിച്ചു.
സെക്രട്ടറി അബ്ദുൾ പുന്നയൂർക്കുളം എല്ലാ ഒന്നര മാസം കൂടുമ്പോഴും ഒരു ഓൺലൈൻ മീറ്റിംഗ് നടത്തണമെന്നും കൂടുതൽ സാഹിത്യ പരിപാടികൾ സംഘടിപ്പിക്കണമെന്നും പറഞ്ഞു.
ഡീട്രോയിറ്റിലും പരിസരത്തുമുള്ള സർഗപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാഹിത്യസ്നേഹികളുടെ രചനകൾ അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ജോയിന്റ് സെക്രട്ടറി ജോമോൻ ജേക്കബ് പറഞ്ഞു.
മിലന്റെ വാർഷികസമ്മേളനം യഥാസമയം നടത്തുവാനും വാർഷികത്തിന് വിശിഷ്ടാതിഥികളെ പങ്കെടുപ്പിക്കുവാനും ആന്റണി ഓർമപ്പെടുത്തി. മേയ് 16ന് നടത്തുന്ന ഓൺലൈൻ സാഹിത്യഅരങ്ങിൽ എല്ലാ മിലൻ അംഗങ്ങളെയും സാഹിത്യസ്നേഹികളെയും ഉൾപ്പെടുത്തുമെന്ന് സതീഷ് മാടമ്പത്ത് പറഞ്ഞു.