തിരുവനന്തപുരം: ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ കേരളത്തിന്റെ മലയോര ഹൈവേയിൽ ഓടാനെത്തുന്നു.
22ന് രാവിലെ ഏഴിന് ഏലപ്പാറ- കാഞ്ചിയാർ മലയോര ഹൈവേയിലാണ് മിലിന്ദ് സോമൻ ഓടുന്നത്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുംബൈ ഹൈവേയിൽ നടത്തിയ 450 കിലോമീറ്റർ ദൈർഘ്യമുള്ള ഐതിഹാസിക ഓട്ടത്തിനുശേഷം മിലിന്ദ് പങ്കെടുക്കുന്ന ഹൈവേ റൺ ആണിത്.
ഏലപ്പാറ മുതൽ ചപ്പാത്ത് വഴി കാഞ്ചിയാർ ടൗൺ വരെയുള്ള 22 കിലോമീറ്റർ ദൂരത്തിലാണ് ‘ഹിൽ ഹൈവേ റൺ’ സംഘടിപ്പിക്കുന്നത്.
കിഫ്ബിയുടെ നേതൃത്വത്തിൽ ഏകദേശം 134.4 കോടി രൂപ ചെലവഴിച്ച് അത്യാധുനിക എൻജിനിയറിംഗ് മികവോടെ ഇടുക്കിയിലെ മലയോര ഹൈവേ പണി പൂർത്തീകരിച്ചിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 1,332 കിലോമീറ്ററിലധികമാണ് മലയോര ഹൈവേയുടെ ആകെ ദൈർഘ്യം.
ആധുനികവും അപൂർവവുമായ എഫ്ഡിആർ (ഫുൾ ഡെപ്ത് റിക്ലമേഷൻ) സാങ്കേതികവിദ്യ കിഫ്ബി മലയോരപാത നിർമാണരീതിക്കായി ഉപയോഗിക്കുന്നുണ്ട്.
പരിസ്ഥിതിസൗഹൃദമായ ഈ നിർമാണരീതി പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതും റോഡിന് ദീർഘകാലം ഈട് നൽകുന്നതുമാണ്.
കേരളത്തിലെ 13 ജില്ലകളെയും പശ്ചിമഘട്ടത്തിന്റെ അതിരുകളിലൂടെ ബന്ധിപ്പിക്കുന്ന ഈ പാതയിൽ വൈദ്യുതി, ഇന്റർനെറ്റ് കേബിളുകൾ എന്നിവയ്ക്കായി പ്രത്യേക യൂട്ടിലിറ്റി ഡക്റ്റുകളും മികച്ച ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
യാത്രക്കാർക്കായി ഓരോ 50 കിലോമീറ്ററിലും വിശ്രമകേന്ദ്രങ്ങളും മനോഹരമായ വ്യൂ പോയിന്റുകളും സജ്ജീകരിച്ചിട്ടുള്ള ഈ ഹൈവേ, ’സ്പൈസ് റൂട്ട്’ എന്നനിലയിൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രംകൂടിയാണ്.
60-ാം വയസിലും സ്പെയിനിൽ നടന്ന കഠിനമായ ‘അയൺമാൻ ട്രയാത്ലൺ’ പൂർത്തിയാക്കിയും മുംബൈയിൽനിന്ന് ഗോവ വരെ 558 കിലോമീറ്റർ സൈക്ലിംഗിലൂടെയും ഓട്ടത്തിലൂടെയും പിന്നിട്ട് ‘ദ ഫിറ്റ് ഇന്ത്യൻ റൺ’ വിജയകരമായി പൂർത്തീകരിച്ചും മിലിന്ദ് സോമൻ ലോകശ്രദ്ധ നേടിയിരുന്നു. മാധ്യമങ്ങൾ ’അയൺ മാൻ’ എന്നു വിശേഷിപ്പിക്കുന്ന അദ്ദേഹം, ‘ഏജ് ഈസ് ജസ്റ്റ് എ നന്പർ’ ( പ്രായം വെറും ഒരു സംഖ്യ മാത്രമാണ്) എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ബോളിവുഡിന്റെ ഫിറ്റ്നസ് അംബാസഡറാണ്.
‘എന്നാൽ വാ...’ എന്ന ആഹ്വാനവുമായി മിലിന്ദ് സോമൻ പങ്കുവച്ച ഹിൽ ഹൈവേ റൺ പ്രഖ്യാപന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
കിഫ്ബിയുടെ ഔദ്യോഗിക വെബ്സൈറ്റായ വഴിയും കിഫ്ബിയുടെ വാട്സാപ് ബോട്ട് ( +91 9072000430 ) വഴിയും ഹിൽ ഹൈവേ റണ്ണിനായി രജിസ്റ്റർ ചെയ്യാം, മിലിന്ദിനൊപ്പം ഓടാം.