കോഴിക്കോട്: ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ക്ഷീരമേഖലയുടെ വികസനത്തിനുമായി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും 25 ലക്ഷം മെട്രിക് ടണ്ണില്‍ (എല്‍എംടി) നിന്നുയരാതെ കേരളത്തിലെ പാലുത്പാദനം.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ കണക്കുകളാണു ക്ഷീരമേഖലയിലെ സ്തംഭനാവസ്ഥ വരച്ചു കാട്ടുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി സംസ്ഥാനത്തെ വാര്‍ഷിക പാലുത്പാദനം 25 ലക്ഷം മെട്രിക് ടണ്‍ എന്ന അളവില്‍ തന്നെയാണു തുടരുന്നത്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 25.20 എല്‍എംടി ആയിരുന്ന ഉത്പാദനം ഒന്‍പതു വര്‍ഷത്തിനു ശേഷവും (2024-25) കാര്യമായ വ്യത്യാസമില്ലാതെ 25.61 എല്‍എംടിയില്‍ തുടരുന്നു. 2022-23, 2023-24 വര്‍ഷങ്ങളിലാണു കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെയുണ്ടായ കൂടിയ പാലുത്പാദനം; 25.80 ലക്ഷം മെട്രിക് ടണ്‍. 2024-25ലാകട്ടെ 25.61 ആയി ഉത്പാദനം കുറയുകയും ചെയ്തു.
കേരളം പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണമെങ്കില്‍ ഒരു പശുവില്‍നിന്ന് പ്രതിദിനം ശരാശരി 13.5 കിലോഗ്രാം പാല് ലഭിക്കണം. നിലവില്‍ ഇത് 11.2 കിലോഗ്രാം മാത്രമാണ്. കേരളത്തിലെ പ്രതിദിന പാലുത്പാദനം ഏകദേശം 70 -75 ലക്ഷം ലിറ്ററിനിടയിലാണ്.
അതേസമയം, സംസ്ഥാനത്തിന്റെ ആവശ്യകതയാട്ടെ 85 മുതല്‍ 90 ലക്ഷം ലിറ്റര്‍ വരെയാണ്. ഈ കുറവ് പരിഹരിക്കാന്‍ കോടികള്‍ മുടക്കിയുള്ള പദ്ധതികളാണ് ഉദ്ദേശ്യഫലം കാണാതെ പോകുന്നത്.
കാലിത്തീറ്റ വില വര്‍ധനയും മറ്റു പ്രതികൂല ഘടകങ്ങളും കാരണം പാലുത്പാദന മേഖലയിലുണ്ടായ വര്‍ധിച്ച ചെലവുകളാണു കര്‍ഷകരെ ഈ മേഖലയില്‍നിന്നു പിന്തിരിപ്പിക്കുന്നത്. ഇതിന് തടയിടാന്‍ മില്‍ക്ക് ഷെഡ് ഡെവലപ്മെന്‍്, ക്ഷീരഗ്രാമം, കിടാരി പാര്‍ക്ക്, പലിശരഹിത വായ്പകള്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
വരും വര്‍ഷത്തേക്ക് തീറ്റപ്പുല്‍ കൃഷിക്കായി മാത്രം 8.50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും കാര്യമായ ഉത്പാദനവര്‍ധനയ്ക്ക് വഴിതെളിച്ചിട്ടില്ല.
തീറ്റ സബ്സിഡിയും ക്ഷീരമിത്ര വായ്പകളും നല്കി കര്‍ഷകരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ നിലവില്‍ പദ്ധതികളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
ചെലവഴിച്ചത് 935.48 കോടി
പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനായി കഴിഞ്ഞ 10 വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി കേരളത്തില്‍ ചെലവഴിച്ചത് 935.48 കോടി രൂപ. ഈ കാലയളവില്‍ ക്ഷീരവികസന വകുപ്പ് വിവിധ പദ്ധതികളിലൂടെ ഏകദേശം 49,341 കറവപ്പശുക്കളെയും 11,383 കിടാരികളെയും കേരളത്തില്‍ വിതരണം ചെയ്തുവെന്നും 10,000 ഹെക്ടറിലധികം സ്ഥലത്ത് പുല്‍കൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞുവെന്നും വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കഴിഞ്ഞമാസം നിയമസഭാചോദ്യത്തിനു നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.