കോട്ടയം: യുവജനങ്ങളില്‍ മയക്കുമരുന്ന് വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുകയും ആരോഗ്യകരവും ലഹരിമുക്തവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലാ ജുഡീഷറിയും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി കോട്ടയവും സംയുക്തമായി ‘’റൺ ഫോർ ലൈഫ്- സേ നോ ടു ഡ്രഗ്സ് എന്ന പേരില്‍ ഇന്നു മിനി മാരത്തണ്‍ സംഘടിപ്പിക്കും.
കേരള ഗ്രാമീണ്‍ ബാങ്ക്, ജില്ലാ പോലീസ്, ജില്ലാ എക്സൈസ് വകുപ്പ്, കോട്ടയം ബാര്‍ അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെയും വിവിധ ക്ലബ്ബുകള്‍, പാമ്പാടി കെജി കോളജ്, എംഡി സെമിനാരി സ്കൂള്‍ ഉള്‍പ്പെടെയുള്ള കോട്ടയം നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.
പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി കെ. സനില്‍കുമാറിന്റെ നേതൃത്വത്തില്‍ കോട്ടയത്തുള്ള ജഡ്ജിമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, മുനിസിപ്പല്‍ ചെയര്മാന്, കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിലും കോളജുകളിലുമുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍, അഭിഭാഷകര്‍, അഡ്വക്കേറ്റ് ക്ലര്‍ക്ക്, ബാങ്ക് ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളാകും.
മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയും കായിക പ്രവര്‍ത്തനങ്ങളിലൂടെ യുവതലമുറയെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് മിനി മാരത്തണിന്റെ ലക്ഷ്യം. സമൂഹപങ്കാളിത്തവും നിയമബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന് കൂടുതല്‍ കരുത്തേകുന്നതിനുള്ള ജില്ലാ ജുഡീഷറിയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെയും തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കോട്ടയം ജില്ലാ കോടതി സമുച്ചയത്തില്‍നിന്ന് ഇന്നു രാവിലെ 6.30ന് ആരംഭിച്ച് നഗരംചുറ്റി മിനി മാരത്തണ്‍ അതേ വേദിയില്‍ സമാപിക്കും. സമാപനച്ചടങ്ങില്‍ എല്ലാ പങ്കാളികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും.