തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാക്ഷരതയ്ക്ക് പ്രാധാന്യം നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈനായി മാറിയ സാഹചര്യത്തിൽ കംപ്യൂട്ടർ സാക്ഷരത അനിവാര്യമായതിനാൽ പൊതുസമൂഹത്തിൽ ഡിജിറ്റൽ, എഐ സാക്ഷരത വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സാക്ഷരതാ മിഷൻ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. അക്ഷരജ്ഞാനത്തിൽ മാത്രം ഒതുങ്ങാതെ തുടർ വിദ്യാഭ്യാസ പരിപാടികളിലൂടെയും തുല്യതാ പരീക്ഷകളിലൂടെയും നിരവധി പേർക്ക് ഉയർന്ന വിദ്യാഭ്യാസവും ബിരുദങ്ങളും നേടാൻ സാക്ഷരതാ മിഷനിലൂടെ കഴിഞ്ഞു. പഠനം മുടങ്ങിയവർക്ക് തുല്യതാ പരീക്ഷയിലൂടെ പഠനം പൂർത്തിയാക്കി അഭിഭാഷകരായി എൻറോൾ ചെയ്യാൻ സാധിച്ചതും സാക്ഷരതാ മിഷന്റെ സുപ്രധാന നേട്ടമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.