മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ മന്ത്രി വി. അബ്ദുറഹ്്മാന്. താനൂർ പുത്തൻതെരു ഫിർദൗസ് ഓഡിറ്റോറിയത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ ചാരിറ്റി പദ്ധതിയായ ബൈത്തു സകാത്ത് കേരള കാന്പയിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് മന്ത്രി വി. അബ്ദുറഹ്്മാന് നിർവഹിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രധാന നേതാക്കൾ ഉൾപ്പെടെ വേദിയിലുണ്ടായിരുന്നു.
ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ പേരിൽ യുഡിഎഫിനെ എൽഡിഎഫ് കടന്നാക്രമിക്കുന്പോഴാണ് മന്ത്രി ജമാ അത്തെ സ്ലാമി വേദിയിലെത്തിയതെന്നതു ശ്രദ്ധേയമാണ്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതെയും ഒരു പോലെ എതിർക്കണമെന്നു മന്ത്രി പറഞ്ഞു.
രാജ്യത്ത് മതേതര, ജനാധിപത്യം നിലനിൽക്കാനും ഫാസിസത്തെ ചെറുക്കാനും എല്ലാ വിഭാഗം ജനങ്ങൾക്കും ഒന്നിച്ചുനിൽക്കാനാകണം. എക്കാലത്തും അങ്ങനെ നിലകൊണ്ടതാണ് കേരളത്തിന്റെ ചരിത്രം. ഉത്തരേന്ത്യയിൽനിന്ന് മലയാള തുരുത്തിനെ വ്യത്യസ്തമാക്കുന്നതും അതുതന്നെ.
സാന്പത്തികമായി പിന്നാക്കം നിൽക്കുകയും പാർശ്വവത്ക്കരിക്കപ്പെടുകയും ചെയ്തവരെ കൈപിടിച്ചുയർത്തുന്ന മഹത് സേവനമാണ് ബൈത്തുസകാത്ത് കേരള നിർവഹിക്കുന്നത് എന്നത് ഏറെ സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് എതിർക്കാൻ ശ്രമിച്ചാൽ വരാൻ പോകുന്നത് അപകടമായ അവസ്ഥയാകും. ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ എല്ലാം വർഗീയയെയും ശക്തമായി എതിർക്കാനുള്ള തീരുമാനം പൊതുസമൂഹം എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബെത്തുസകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്കർ മാഷ്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ്, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ഹാജി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. നസീമ തുടങ്ങിയവർ സംസാരിച്ചു.