കോഴിക്കോട്: മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നു നല്കിയെന്നു സംശയമുണ്ടെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ആരോപണം തള്ളിക്കളഞ്ഞ് കോഴിക്കോട്ടെ നിപ രോഗികളുടെ ചികിത്സയ്ക്കു നേതൃത്വം നല്കിയ ഡോ. എ.എസ്. അനൂപ്കുമാര്‍.
2023, 2024, 2025 വര്‍ഷങ്ങളില്‍ നിപ ബാധിതരായ രോഗികള്‍ക്കു കാലാവധി കഴിഞ്ഞ റെംഡെസിവിര്‍ മരുന്ന് നല്‍കിയിട്ടുണ്ടെന്നും ഇതു മരണങ്ങള്‍ക്കു കാരണമായിട്ടുണ്ടോയെന്നും സംശയമുണ്ടെന്നാണു മന്ത്രി കെ. മുരളീധരന് കഴിഞ്ഞദിവസം നിയമസഭയില്‍ സബ്മിഷനു മറുപടി നല്‍കിയത്.
എന്നാല്‍ 2023-25 കാലഘട്ടത്തില്‍ നിപ ബാധിച്ച് മരിച്ചവര്‍ക്ക് റെംഡെസിവിര്‍ നല്‍കിയിരുന്നില്ലെന്നും മരുന്ന് ലഭിച്ചവര്‍ക്കു രോഗം ഭേദമായെന്നുമാണ്, സംസ്ഥാനത്ത് ആദ്യമായി നിപ രോഗം തിരിച്ചറിഞ്ഞ ഡോ. അനൂപ്കുമാര്‍ വ്യക്തമാക്കുന്നത്.
നിപ ബാധിച്ച് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മരിച്ച ആറു പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു റെംഡെസിവിര്‍ മരുന്നു സ്വീകരിക്കാത്തവരാണ്. 2023 മുതല്‍ 2025 വരെയുള്ള സമയത്ത് 13 പേര്‍ക്കാണു നിപ ബാധിച്ചത്. ഇതില്‍ ആറു പേര് മരിക്കുകയും ഏഴു പേര് സുഖം പ്രാപിക്കുകയും ചെയ്തു. മരിച്ച ആറു പേരില്‍ ഒരാള്‍പോലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ലെന്നു ഡോ. അനൂപ്കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2023നു ശേഷമുള്ള നിപ മരണങ്ങള്‍ക്കു റെംഡെസിവിര്‍ മരുന്ന് ഉപയോഗവുമായി ബന്ധമില്ല. മരിച്ച ആറില്‍ നാലു പേര്‍ക്കും മരിച്ചതിനു ശേഷമാണു രോഗം സ്ഥിരീകരിച്ചത്. മറ്റു രണ്ടു പേര്‍ക്ക് മരുന്ന് നല്‍കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. റാംഡെസിവിറിനു രണ്ടു വര്‍ഷമാണ് സെല്‍ഫ് കാലാവധി. കാലാവധി കഴിഞ്ഞ മരുന്ന് ചികിത്സയ്ക്ക് ഉപയോഗിച്ചോ എന്നത് അറിയില്ലെന്നും അനൂപ് പറഞ്ഞു.
റെംഡെസിവിര്‍ എന്ന മരുന്നാണ് 2018നും 19നും ശേഷം കേരളത്തില്‍ നിപ വന്നപ്പോഴൊക്കെ ഉപയോഗിച്ചത്. അതിന്റെ കൂടെ മോണോക്ലോണല്‍ ആന്റിബോഡിയും ചികിത്സയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇത് എത്രത്തോളം ഫലപ്രദമാണ് എന്നുള്ളത് ഇപ്പോഴും കൃത്യമായി പറയാൻ കഴിയില്ലെന്നും ഡോ. അനൂപ്കുമാര്‍ കൂട്ടിച്ചേർത്തു.