Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minna

നൈജീരിയയിൽ സുരക്ഷാസേന കസ്റ്റഡിയിലെടുത്ത 37 പേർ ഒരു കാരണവുമില്ലാതെ മരിച്ചു; പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയവർക്കു നേരെ വെടിവയ്പും

ലാഗോസ്: നൈജീരിയയിൽ സുരക്ഷാസേന അനധികൃത സ്വർണഖനികളിൽ റെയ്ഡ് നടത്തി പിടികൂടിയ 37 പേർ കസ്റ്റഡിയിൽ മരിച്ചു. നൈജർ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ മിന്നയിൽ ഉണ്ടായ സംഭവം വലിയ ജനരോഷത്തിനിടയാക്കി. തെരുവിലിറങ്ങിയ ജനത്തിനു നേർക്ക് സുരക്ഷാസേന വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്.

നൈജീരിയ സെക്യൂരിറ്റി ആൻഡ് സിവിൽ ഡിഫൻസ് കോർ എന്ന അർധ സൈനിക വിഭാഗം ചൊവ്വാ, ബുധൻ ദിവസങ്ങൾ മിന്ന നഗരത്തിന്‍റെ പടിഞ്ഞാറു ഭാഗത്തുനിന്ന് പിടികൂടിയവരാണ് അകാരണമായി മരണപ്പെട്ടത്.

മിന്നയിലെ ജനറൽ ആശുപത്രി വാർഡിൽ 33 മൃതദേഹങ്ങൾ കിടക്കുന്ന ദൃശ്യം റോയിട്ടേഴ്സ് വാർത്താ ഏജൻസി പകർത്തി.

പകർച്ചവ്യാധി മൂലമായിരിക്കാം മരണമെന്ന് അധികൃതർ ആദ്യം അഭിപ്രായപ്പെട്ടു. എന്നാൽ മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും വൈദ്യപരിശോധന വേണമെന്നും പിന്നീട് തിരുത്തി.

നൈജീരിയൻ ആഭ്യന്തര മന്ത്രി ഒലുബുൻമി തുൻജി-ഓജോ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും അർധസൈനിക വിഭാഗത്തിന്‍റെ നൈജർ സംസ്ഥാന കമാൻഡറെ സസ്പെൻഡ ് ചെയ്യുകയുമുണ്ടായി.

മിന്ന നഗരത്തിൽ വ്യാഴാഴ്ച രാത്രി വലിയ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. മരണപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന മുദ്രാവാക്യങ്ങൾ മുഴങ്ങി.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ വലിയ തോതിൽ സുരക്ഷാഭടന്മാരെ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ച പ്രകടനങ്ങൾ നടത്തിയവർക്കു നേർക്ക് സുരക്ഷാസേന വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാർ വടി, വെട്ടുകത്തി, വേട്ടയ്ക്കുള്ള നാടൻ തോക്ക് മുതലായവ കയ്യിലേന്തിയിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

നൈജീരിയയിലുടനീളം ആയിരക്കണക്കിന് അനധികൃത ഖനനകേന്ദ്രങ്ങളുണ്ട്. ഇവ പൂട്ടിക്കാനായി വർഷങ്ങളായി ശ്രമങ്ങൾ നടക്കുന്നു. അനധികൃത ഖനനം ഖജനാവിനു നഷ്ടവും പരിസ്ഥിതിനാശവും ഉണ്ടാക്കുന്നതായി സർക്കാർ പറയുന്നു.

Latest News

Corehub Up