തിരുവനന്തപുരം: സ്പാ പീഡനക്കേസിൽ അന്വേഷണം ഊർജിതമാക്കി പൊലിസ്. സംഭവം നടന്ന കോവളത്തെ ഡ്രീംസ് സ്പായിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കേസുമായി ബന്ധപ്പെട്ട് ഡ്രീംസ് സ്പാ, ആയൂർ കേരള സ്പാ എന്നിവിടങ്ങളിലും പരിശോധന നടത്തി. മൂന്ന് സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ഒരേ ദിവസം പത്തിലധികം പേർ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തിൽ മനുഷ്യക്കടത്ത് നടന്നതായാണ് പൊലിസിന്റെ നിഗമനം. പെൺകുട്ടി നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർസംസ്ഥാന റാക്കറ്റുമായി ബന്ധമുള്ളവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സ്പാ നടത്തിപ്പുകാരൻ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പൊലിസ് പറയുന്നത്.
ഈ പരിചയമാണ് പെൺകുട്ടിയെ കോവളത്തേക്ക് എത്തിക്കാൻ കാരണമായതെന്നാണ് അന്വേഷണത്തിന്റെ നിഗമനം. കമ്മീഷൻ വ്യവസ്ഥയിലാണ് ഇളയമ്മയും ഭർത്താവും പെൺകുട്ടിയെ സ്പാകളിൽ എത്തിച്ച് ചൂഷണത്തിന് ഇരയാക്കിയതെന്നാണ് പൊലിസ് പറയുന്നത്. ഓരോ തവണയും ഇതിന് പ്രതിഫലമായി കമ്മീഷൻ കൈപ്പറ്റിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.