ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ നിന്നുള്ള ഞെട്ടിക്കുന്നൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആകാശത്തുനിന്നും നിയന്ത്രണം നഷ്ടപ്പെട്ട പാരാഗ്ലൈഡർ തിരക്കേറിയ റോഡിലേക്ക് അടിയന്തരമായി നിലത്തിറക്കുന്നതാണ് സംഭവം.
റൈസൺ മേഖലയിൽ വെച്ചുണ്ടായ ഈ അപ്രതീക്ഷിത പ്രതിസന്ധിയിൽ, പൈലറ്റിന്റെ മനസാന്നിധ്യവും കൃത്യമായ ഇടപെടലും കാരണം മാത്രമാണ് വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്. യാത്രയ്ക്കിടയിൽ പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് പാരാഗ്ലൈഡറിന്റെ ഗതി മാറ്റിയത്.
കാറ്റിന്റെ ദിശ പെട്ടെന്ന് മാറിയതോടെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ലാൻഡിംഗ് കേന്ദ്രത്തിലേക്ക് ഗ്ലൈഡറിനെ എത്തിക്കാൻ പൈലറ്റിന് സാധിക്കാതെ വരികയായിരുന്നു. തുടർന്ന് മറ്റൊരു മാർഗവുമില്ലാതെ വന്നതോടെയാണ് താഴെയുള്ള റോഡിലേക്ക് ഗ്ലൈഡർ ഇറക്കാൻ പൈലറ്റ് തീരുമാനിച്ചത്.
റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടയിൽ അതീവ ജാഗ്രതയോടെ ഗ്ലൈഡർ നിലംതൊടുന്നതും, ഇതുകണ്ട് വണ്ടികൾ പെട്ടെന്ന് നിർത്തി അപകടം ഒഴിവാക്കുന്നതുമായ നിമിഷങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യത്തെ സാഹസിക ടൂറിസം മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
അപകടഘട്ടത്തിൽ പൈലറ്റ് കാണിച്ച അസാമാന്യമായ കഴിവിനെ ഒരുവിഭാഗം ആളുകൾ അഭിനന്ദിക്കുമ്പോൾ, കൃത്യമായ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളോ കനത്ത സുരക്ഷാ പരിശോധനകളോ ഇല്ലാതെ ഇത്തരം വിനോദങ്ങൾക്ക് അനുമതി നൽകുന്നതിനെ മറ്റ് ചിലർ ചോദ്യം ചെയ്യുന്നുണ്ട്.