ധാക്ക: ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) രാഷ്ട്രപതിസ്ഥാനാർഥിയായി പാർട്ടി സെക്രട്ടറി ജനറൽ മിർസ ഫഖ്റുൾ ഇസ്ലാം ആലംഗീറിനെ നാമനിർദേശം ചെയ്തു.
ബിഎൻപി മുതിർന്ന നേതാക്കൾ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി നടത്തിയ ചർച്ചകൾക്കു ശേഷം പാർട്ടി ജോയിന്റ് സെക്രട്ടറി രുഹുൾ കബീർ റിസ്വിയാണു മിർസ ഫഖ്റുളിനെ (78) സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
പാർലമെന്റിൽ ബിഎൻപിക്കു മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ളതിനാൽ മിർസ ഫഖ്റുൾ അടുത്ത രാഷ്ട്രത്തലവനായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ഓഗസ്റ്റ് 20നാണ് തെരഞ്ഞെടുപ്പ്. നാമനിർദേശ നടപടികളുടെ ഭാഗമായി മിർസ ഫഖ്റുൾ പാർട്ടി സെക്രട്ടറി ജനറൽ, ഉന്നത നയനിർമാണ സമിതി എന്നിവയിൽനിന്നു രാജിവച്ചു.
വ്യാഴാഴ്ച അദ്ദേഹം തെരഞ്ഞെടുപ്പു കമ്മീഷന് സ്ഥാനാർഥി പത്രിക സമർപ്പിച്ചു. പ്രധാന പ്രതിപക്ഷമായ ജമാഅത്ത് ഇ-ഇസ്ലാമി മുന്നണിയിലെ പ്രമുഖരായ ലിബറൽ ഡമോക്രാറ്റിക് പാർട്ടി(എൽഡിപി) ചെയർമാൻ റിട്ട. കേണൽ ഒലി അഹമ്മദിനെയാണ് നാമനിർദേശം ചെയ്തത്. ഒലി അഹമ്മദും പത്രിക സമർപ്പിച്ചു.