ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചിയിൽ വാറന്‍റ് പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ അയൽവീട്ടിലേക്ക് അയച്ച് വഴിതെറ്റിച്ചത് പ്രതിയുടെ ബന്ധുവാണെന്ന് സൂചന. കട്ടപ്പനയിൽ നിന്നെത്തിയ എക്സൈസ് സംഘം പ്രതിയുടെ ഫോർട്ട്കൊച്ചിയിലെ വീട്ടിൽ കൃത്യമായി എത്തിയിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ബന്ധു തൊട്ടടുത്ത വീട് ചൂണ്ടിക്കാട്ടി അതാണ് പ്രതിയുടെ വീടെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
തുടർന്ന് ഈ വീട്ടിൽ പരിശോധന നടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്ന വീട്ടമ്മയും തമ്മിൽ തർക്കമുണ്ടായി. ഈ ആശയക്കുഴപ്പത്തിനിടയിലാണ് യഥാർഥ പ്രതി കടന്നുകളഞ്ഞത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ വീട്ടമ്മ പൊലിസിൽ പരാതി നൽകിയെങ്കിലും, ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായി പ്രതിയെ കണ്ടെത്താൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
അതേസമയം, മറ്റൊരു വീട് കാണിച്ചുകൊടുത്ത് എക്സൈസ് സംഘത്തെ തെറ്റിദ്ധരിപ്പിച്ച വ്യക്തിക്കെതിരെ പൊലിസിന് കേസെടുക്കാൻ സാധിക്കുമെങ്കിലും, അതിനായി എക്സൈസ് വകുപ്പിന്‍റെ ഔദ്യോഗിക പരാതി ആവശ്യമാണ്. എന്നാൽ ഈ വിഷയത്തിൽ പരാതി നൽകാൻ എക്സൈസ് വകുപ്പ് ഇതുവരെ തയാറായിട്ടില്ല.