കണ്ണൂർ: ചെമ്പേരി സ്വദേശിനി അനുമോൾ പയസിന് മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് കിരീടം. ഇക്കഴിഞ്ഞ എട്ടിന് അയർലൻഡിലെ ഡബ്ലിനിൽ നടന്ന സൗന്ദര്യമത്സരത്തിലാണ് അയർലൻഡിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന അനുമോൾ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിലെ 'റൺവേ ക്യൂൻ' എന്ന ഉപപദവിയും അനുമോൾക്കാണ്.
കണ്ണൂർ ചെമ്പേരിയിലെ കർഷക കുടുംബാംഗമായ കല്ലംപ്ലാക്കൽ പയസ്-മോളി ദമ്പതികളുടെ മകളാണ്. ബംഗളൂരുവിലെ നിംഹാൻസിൽ നിന്ന് ബിഎസ്സി നഴ്സിംഗ് ബിരുദം നേടിയ ശേഷം അയർലൻഡിലെത്തി രജിസ്റ്റേർഡ് നഴ്സായി ജോലിയിൽ പ്രവേശിക്കുകയായിരന്നു. തൊഴിലിനൊപ്പം നൃത്തം, ബാഡ്മിന്റൺ, ഫിറ്റ്നസ്, യാത്ര, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിലും സജീവമാണ്. മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് കിരീടവും റൺവേ ക്യൂൻ പദവിയും ഏറ്റവും വിലമതിക്കുന്ന നേട്ടങ്ങളാണെന്ന് അനുമോൾ പറഞ്ഞു.
തന്റെ നേട്ടം വനിതകൾക്ക് സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കാനും പരിമിതികൾ മറികടന്ന് സ്വപ്നങ്ങളെ പിന്തുടരാനുമുള്ള പ്രചോദനമായി മാറണമെന്നും അനുമോൾ പറഞ്ഞു. . “നിങ്ങൾ കരുതുന്നതിലും കൂടുതൽ ശക്തരാണ് നിങ്ങൾ. നിങ്ങളുടെ സമയം ഇതാണ്,” എന്നാണ് വനിതകൾക്ക് അനുമോൾ നൽകുന്ന സന്ദേശം. ഹിന്ദി ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ അൻമരിയ സഹോദരിയാണ്.