239 യാത്രക്കാരുമായി ക്വാലാലംപുരിൽ നിന്ന് ബീജിംഗിലേക്കു പറക്കുകയായിരുന്ന മലേഷ്യൻ വിമാനം എംഎച്ച് 370, തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽവച്ച് അപ്രത്യക്ഷമായി.
നമുക്കറിയാവുന്നത് അത്രമാത്രം! അപകടം സംഭവിച്ചിട്ട് 12 വർഷം പിന്നിടുന്പോഴും; ആ വിമാനത്തിനോ, അതിലുണ്ടായിരുന്ന യാത്രക്കാർക്കോ എന്തു സംഭവിച്ചുവെന്ന് ഇന്നും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ലോക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയുടെ ചുരുളഴിക്കാൻ ഒരു വ്യാഴവട്ടം പിന്നിടുന്പോഴും ലോകത്തിലെ ഒരന്വേഷണ ഏജൻസിക്കും കഴിയുന്നില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തെരച്ചിലാണ് ആ വിമാനത്തിനായി നടത്തിയത്.
കാണാതായ ബോയിംഗ് 777 വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടു നടത്തിയ ഏറ്റവും പുതിയ തെരച്ചിലിലും കാര്യമായ പുരോഗതിയില്ലെന്ന് എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യക്തമാക്കുന്നു.
2025 മാർച്ച് മുതൽ 2026 ജനുവരി വരെ നീണ്ട തെരച്ചിലിനു ശേഷമാണ് അധികൃതരുടെ പ്രസ്താവന. സമുദ്രത്തിന്റെ ആഴങ്ങളിൽ എവിടെയോ മറഞ്ഞിരിക്കുന്ന വിമാനാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിക്കുന്ന യാതൊരു തെളിവും ഇതുവരെ ലഭ്യമായിട്ടില്ല.
ടെക്സസ് ആസ്ഥാനമായുള്ള ഓഷ്യൻ ഇൻഫിനിറ്റി- എന്ന സമുദ്ര പര്യവേഷണ കമ്പനിയാണു നിലവിൽ തെരച്ചിൽ നടത്തുന്നത്. കണ്ടെത്തിയാൽ മാത്രം പ്രതിഫലം എന്ന കരാറടിസ്ഥാനത്തിൽ ആരംഭിച്ച ദൗത്യം, തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ 15,000 ചതുരശ്ര കിലോമീറ്ററോളം ഇതിനോടകം അരിച്ചുപെറുക്കി.
എന്നാൽ, സമുദ്രത്തിലെ പ്രതികൂല കാലാവസ്ഥ കാരണം ജൂൺ വരെയുള്ള കരാർ കാലാവധി പൂർത്തിയാക്കാൻ കമ്പനിക്കു സാധിക്കുമോ എന്ന കാര്യം സംശയമാണ്.
തെരച്ചിലുകൾ പരാജയപ്പെടുമ്പോഴും പ്രതീക്ഷ കൈവിടാൻ വോയ്സ് 370- എന്ന ഇരകളുടെ കുടുംബക്കൂട്ടായ്മ തയാറല്ല. ഓഷ്യൻ ഇൻഫിനിറ്റിയുമായുള്ള കരാർ നീട്ടണമെന്നും, ആവശ്യമെങ്കിൽ സമാനമായ വ്യവസ്ഥകളിൽ മറ്റു വിദഗ്ധ കമ്പനികളെ തെരച്ചിലിനായി നിയോഗിക്കണമെന്നുമാണ് കുടുംബങ്ങളുടെ ആവശ്യം.
സത്യം പുറത്തുവരുന്നതുവരെ അന്വേഷണം തുടരണമെന്നാണ് ഇരകളുടെ കുടുംബം ആവർത്തിക്കുന്നത്. ഓരോ വാർഷികവും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അഭാവവും കുടുംബാംഗങ്ങളിൽ വലിയ വേദനയാണു സൃഷ്ടിക്കുന്നത്. എന്നെങ്കിലും, സമുദ്രം ആ രഹസ്യം വെളിപ്പെടുത്തുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് അവരുടെ കാത്തിരിപ്പ്.
ലോകമെമ്പാടുമുള്ള വിദഗ്ധർ ഈ നിഗൂഢതയുടെ ചുരുളഴിക്കാൻ വർഷങ്ങളായി പരിശ്രമിക്കുന്നുണ്ടെങ്കിലും, ആ 239 മനുഷ്യർക്ക് എന്ത് സംഭവിച്ചു എന്നത് ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു...