വൈക്കം: കൊതുകുജന്യരോഗങ്ങൾ തടയുന്നതിനും പൊതുജനങ്ങളിൽ ആരോഗ്യശുചിത്വ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമായി വൈക്കം ടൗൺറോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മിഷൻ മോസ്കിറ്റോയെന്ന സാമൂഹിക ആരോഗ്യപദ്ധതിക്ക് തുടക്കമായി.
വൈക്കം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈക്കം ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. അനൂപ് കുമാർ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
എൽപി സ്കൂൾ മുതൽ ഹയർ സെക്കൻഡറി, കോളജ് തലം വരെയുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. കുട്ടികളെ ശുചിത്വത്തിന്റെയും ആരോഗ്യസംരക്ഷണത്തിന്റേയും സന്ദേശവാഹകരാക്കി അവരുടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും ഈ സന്ദേശം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വാർഡ് കൗൺസിലർ ഡി. രഞ്ജിത്ത് കുമാർ, സ്കൂൾ പി ടി എ പ്രസിഡന്റ് വിനിത, റോട്ടറി ക്ലബ് സെക്രട്ടറി ഡോ. ജി.മനോജ്, ട്രഷറർ ഹരികൃഷ്ണൻ, പ്രോജക്ട് കോ -ഓർഡിനേറ്റർ ജീവൻ ശിവറാം , റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് ജോയി മാത്യു, എൻ.കെ. സെബാസ്റ്റ്യൻ, റോട്ടറി അംഗങ്ങളായ പ്രസാദ്, സ്വാമിനാഥൻ, ഹരീന്ദ്രൻ , വിധു അനൂപ് തുടങ്ങിയവർ സംബന്ധിച്ചു.