തിരുവനന്തപുരം: ചരക്കുനീക്കം, ടൂറിസം ഉൾപ്പടെയുള്ള സമുദ്രസാധ്യതകളെ പ്രയോജനപ്പെടുത്തുന്ന മിഷൻ സമുദ്ര സാമ്പത്തികവളർച്ചയുടെ പുതിയ ശക്തിയാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
രണ്ടായിരം വർഷം മുന്പ് കേരളത്തിലുണ്ടായിരുന്ന സമുദ്രവ്യാപാര പാരമ്പര്യത്തെ പുതിയ സാധ്യതകളുമായി കൂട്ടിയിണക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ‘റീഇമാജിനിംഗ് കേരളം’ ത്രിദിന റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ആദ്യ ദിനത്തിൽ മിഷൻ സമുദ്രയെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ 600 കിലോമീറ്റർ തീരപ്രദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ടെർമിനൽ, 18 ചെറുകിട തുറമുഖങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് സംസ്ഥാനത്തെയാകെ ഒരു പോർട്ട് ശൃംഖലയാക്കി മാറ്റും.
റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചരക്കുനീക്കത്തിന്റെ 50 ശതമാനം ജലപാതകളിലേക്കും തീരദേശ പാതകളിലേക്കും മാറ്റും. ആദ്യഘട്ടത്തിൽ എണ്ണ, ഗ്യാസ് തുടങ്ങിയ അപകടകരമായ വസ്തുക്കളുടെ നീക്കവും രണ്ടാം ഘട്ടത്തിൽ മറ്റ് ചരക്കുകളുടെ നീക്കവും ജലപാതകളിലേക്കും തീരദേശ പാതകളിലേക്കും മാറ്റാനാണ് തീരുമാനം.
പദ്ധതികൾക്ക് ആവശ്യമായ സ്ഥലം പരമാവധി ഏറ്റെടുക്കാൻ വ്യവസായ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിക്ഷേപം നടത്താൻ താത്പര്യമുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ നയം. ഭൂമി ഏറ്റെടുക്കലിനും നിക്ഷേപങ്ങൾക്കുമുള്ള വായ്പകൾ ലഭ്യമാക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും ബാങ്കുകളും സന്നദ്ധമാണ്.
ടൂറിസ്റ്റ് ടെർമിനലുകൾ ആരംഭിച്ച് ചെറുകിട തുറമുഖങ്ങളുമായും 44 നദികളുമായും ബന്ധിപ്പിക്കും. ഇതോടൊപ്പം മാരിടൈം, ലോജിസ്റ്റിക്സ്, മാരിടൈം നിയമങ്ങൾ തുടങ്ങിയ മേഖലകളിൽ അക്കാദമിക് കോഴ്സുകളും ആരംഭിക്കും. പത്ത് വർഷം മുമ്പ് സീ ഫുഡ് കയറ്റുമതിയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സ്ഥാനം കേരളം തിരിച്ചുപിടിക്കും.
അക്വാകൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തും. മിഷൻ സമുദ്രയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികൾ പരിസ്ഥിതി സൗഹൃദമായിരിക്കും. തീരദേശത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം പുനരധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ടൂറിസം വികസനത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനുമായി ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും പ്രധാന പദ്ധതിയായി നടപ്പിലാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ആധുനിക മാതൃകകളും പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മിഷൻ സമുദ്രയെക്കുറിച്ചുള്ള ചർച്ചയിൽ തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു. ഖേൽക്കർ, വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജെറോമിക് ജോർജ്, മേഖലയിലെ വിദഗ്ധർ, പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.