ലിമ (പെറു): ഒരിക്കൽ തനിക്കു പ്രിയപ്പെട്ടവരായി മാറിയ ജനതയുടെ സ്നേഹവായ്പിലേക്ക് ഒരു മടക്കം. താൻ മിഷനറിയായും ബിഷപ്പായും സേവനം ചെയ്ത മണ്ണിൽ മാർപാപ്പയായി തിരിച്ചെത്തിയ ലെയോ പതിനാലാമനു ലഭിച്ചത് ഹൃദയം തൊടുന്ന വരവേല്പ്.
ലിമയിലെ ദേശീയ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഒരുലക്ഷത്തോളം യുവജനങ്ങൾ സ്നേഹവും ആവേശവും നിറച്ച് തങ്ങളുടെ പ്രിയ മിഷനറിയെ സ്വീകരിച്ചു. പഴയ സേവനകാലത്തെ ഓർമകൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ മാർപാപ്പയും വികാരാധീനനായി.
യുവജനങ്ങളുടെ ജാഗരണ പ്രാർഥനാസംഗമം വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പ്രത്യാശയുടെയും മഹാസംഗമമായി.പെറുവിലെ പ്രശസ്ത ഗാനങ്ങൾ, വലിയ സ്ക്രീനുകളിലെ കൗണ്ട്ഡൗൺ, വിവിധ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പതാകകളുമായുള്ള യുവജനങ്ങളുടെ ആവേശപ്രകടനം എന്നിവ സ്റ്റേഡിയത്തെ ആഘോഷക്കടലാക്കി. വെള്ള വസ്ത്രം ധരിച്ച വിശ്വാസികൾക്കിടയിൽ മഞ്ഞ ടീ ഷർട്ടുകളണിഞ്ഞ സന്നദ്ധപ്രവർത്തകർ വേറിട്ട കാഴ്ചയായി.
‘അമിഗോസ് ഡി ലിയോൺ’ (ലെയോയുടെ സുഹൃത്തുക്കൾ) എന്നെഴുതിയ വസ്ത്രങ്ങളായിരുന്നു ഇവരുടേത്. മാർപാപ്പയുടെ ചിത്രങ്ങൾ പതിച്ച കുടിവെള്ളക്കുപ്പികളും ‘നമ്മെ ഒന്നിപ്പിക്കുന്ന നിമിഷം’ എന്ന സന്ദേശമുള്ള ഇരുട്ടിൽ തിളങ്ങുന്ന വളകളും വിതരണം ചെയ്തു. ബലൂണുകൾകൊണ്ട് നിർമിച്ച കൂറ്റൻ ജപമാലയും ചടങ്ങിന്റെ ആകർഷണമായി.
മാർപാപ്പയുടെ വരവിനു തൊട്ടുമുമ്പ് സ്ക്രീനിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളാണു സദസിനെ കൂടുതൽ വികാരാധീനമാക്കിയത്. റോബർട്ട് പ്രെവോസ്റ്റ് എന്നപേരിൽ പെറുവിൽ സേവനം ചെയ്തിരുന്ന കാലത്തെ ചിത്രങ്ങൾക്കൊപ്പം, 2023ൽ ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണപ്രകാരം റോമിലേക്കു പോകുമ്പോൾ ചിക്ലായോ രൂപതയോടു വിടപറഞ്ഞ് അദ്ദേഹം നൽകിയ സന്ദേശവും പ്രദർശിപ്പിച്ചു. പഴയ ഓർമകളുടെ പശ്ചാത്തലത്തിൽ പോപ്പ് മൊബീലിൽ സ്റ്റേഡിയത്തിലെത്തിയ ലെയോ പതിനാലാമനും ഏറെ വികാരാധീനനായി.
യേശുവിന്റെ സൗഹൃദം വഴികാട്ടി
യുവജനങ്ങളുടെ ജീവിതാനുഭവങ്ങൾ കേട്ടശേഷം സംസാരിച്ച മാർപാപ്പ, ജീവിതത്തിലെ പ്രതിസന്ധികളെയും ചോദ്യങ്ങളെയും അതിജീവിക്കാൻ ക്രിസ്തുവുമായുള്ള സൗഹൃദമാണു കരുത്തേകുന്നതെന്ന് ഓർമിപ്പിച്ചു. “നിങ്ങൾ പ്രത്യാശയുടെ അടയാളങ്ങളാണ്. ജീവിതത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ യേശുവുമായുള്ള സൗഹൃദം നിങ്ങളെ സഹായിക്കും” - അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ മൂന്നു യുവാക്കൾ പങ്കുവച്ച ജീവിതാനുഭവങ്ങൾ സദസിനെ സ്പർശിച്ചു. സ്കൂൾകാലത്തു പരിഹാസങ്ങളും ഏകാന്തതയും നേരിട്ട ലിമ സ്വദേശിയായ 18കാരൻ ജോവോ മെസ, സൗഹൃദത്തിലൂടെ പരമ്പരാഗത പെറുവിയൻ നൃത്തത്തിലെത്തിയതും അതുവഴി സമൂഹത്തിലേക്കു തിരിച്ചെത്തിയതും വിവരിച്ചു. പ്രിയപ്പെട്ടവരുടെ വേർപാടിനുശേഷം ആത്മീയപിന്തുണ തേടിയ അനുഭവവും അമ്മയുടെ അപ്രതീക്ഷിത മരണത്തെത്തുടർന്നുണ്ടായ വേദനയും മറ്റു യുവജനങ്ങൾ പങ്കുവച്ചു.
ജീവിതത്തിൽ പുതിയൊരു തുടക്കത്തിന് വൈകിപ്പോയെന്നോ ഏറെ തെറ്റുകൾ സംഭവിച്ചെന്നോ കരുതി നിരാശപ്പെടേണ്ടതില്ലെന്ന് മാർപാപ്പ പറഞ്ഞു. “യേശുവിന് നിങ്ങളുടെ ജീവിതകഥ അറിയാം. നിങ്ങളോടൊപ്പം നടക്കാൻ അവിടന്ന് ഇപ്പോഴും ക്ഷണിക്കുന്നു” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ യുവജനങ്ങൾക്ക് പ്രത്യാശ പകരുന്നതായി.
യുവജനസംഗമത്തിനു മുമ്പ് ലിമയിലെ ആർച്ച്ബിഷപ്സ് ഹൗസിൽ പെറുവിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ, സഭയുടെ പ്രബോധനങ്ങളോടുള്ള വിശ്വസ്തതയും ജനങ്ങളോടുള്ള അടുപ്പവും ഒരുപോലെ കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ലിമ കത്തീഡ്രലിലെ പ്രാർഥനയ്ക്കിടെ സഭയുടെ ഭാഗത്തുനിന്നുണ്ടായ മുറിവുകൾക്ക് മാപ്പ് ചോദിക്കാനുള്ള വിനയവും അനുരഞ്ജനത്തിന്റെ മനോഭാവവും വളർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സ്റ്റേഡിയത്തിലെ പരിപാടികൾക്കുശേഷം വത്തിക്കാൻ എംബസിക്കു മുന്നിൽ കാത്തുനിന്ന വിശ്വാസികളെയും മാർപാപ്പ അഭിവാദ്യം ചെയ്തു.
2015 മുതൽ 2023 വരെ ബിഷപ്പായി സേവനം ചെയ്ത ചിക്ലായോ രൂപതയും മാർപാപ്പ സന്ദർശിച്ചു.
പിമെന്റലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്ന മാർപാപ്പ വിശുദ്ധ ഓസ്കാർ റൊമേറോയുടെ നാമധേയത്തിലുള്ള ചാപ്പലും സന്ദർശിക്കും. വൈദികർ, സന്യസ്തർ, പ്രാദേശിക സഭാ-സർവകലാശാലാ സമൂഹങ്ങൾ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.