പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ വ്യത്യസ്തമായ ഒരു കാരണത്താൽ വിവാട ചടങ്ങുകൾ അവസാന നിമിഷം മുടങ്ങി. രാജസ്ഥാനിലെ ഛത്തർഗഡിൽ നിന്നും വിവാഹത്തിനായി എത്തിയ വരനെ കണ്ടയുടൻ വധു വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വധുവിന്റെ അപ്രതീക്ഷിത പ്രതികരണം ഉണ്ടായത്. മുമ്പ് തനിക്ക് കാണിച്ചു തന്ന ചിത്രത്തിലുള്ള ആളല്ല തനിക്ക് മുന്നിൽ നിൽക്കുന്നതെന്നും, മറ്റൊരു വ്യക്തിയുടെ ഫോട്ടോ കാണിച്ച് കബളിപ്പിക്കുകയായിരുന്നുവെന്നുമാണ് വധുവിന്റെ ആരോപണം.
എന്നാൽ ഇരു കുടുംബങ്ങളുടെയും പൂർണ സമ്മതത്തോടെയാണ് വിവാഹം ഉറപ്പിച്ചതെന്നും, വിവാഹത്തിന് മുമ്പ് തന്നെ വരന്റെ ചിത്രങ്ങൾ വധുവിന്റെ വീട്ടുകാർക്ക് കൈമാറിയിരുന്നുവെന്നുമാണ് വരന്റെ ബന്ധുക്കളുടെ വാദം.
ഇടനിലക്കാരും വധുവിന്റെ മാതാവും വഴിയാണ് ഫോട്ടോകൾ കൈമാറിയതെന്നും വരന്റെ കുടുംബം വ്യക്തമാക്കി. ഈ തർക്കം പിന്നീട് പോലീസ് സ്റ്റേഷനിൽ വരെ എത്തി.
വരന്റെ കുടുംബം നൽകിയ പരാതിയെ തുടർന്ന് പോലീസ് ഇരു വിഭാഗങ്ങളുടെയും മൊഴിയെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ഇരു കുടുംബങ്ങളും തമ്മിൽ നേരിട്ട് ചർച്ച നടത്തി പ്രശ്നം സൗഹാർദ്ദപരമായി പരിഹരിക്കുകയായിരുന്നു. വിവാഹം നടന്നില്ലെങ്കിലും വലിയ സംഘർഷങ്ങളില്ലാതെ ഈ അപൂർവ്വ സംഭവത്തിന് ഒടുവിൽ പരിപൂർണ വിരാമമായി.