പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബം തൃശൂർ മെഡിക്കൽ കോളജിന് മുന്നിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. പാലക്കാട് ആർഡിഒയും തൃശൂർ സബ് കളക്ടറും കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം തയാറായിട്ടില്ല.
സബ് കളക്ടറെത്തി നാളെ മന്ത്രിയുമായി ചർച്ചക്ക് അവസരമൊരുക്കിയെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധത്തിൽ നിന്ന് കുടുംബം പിന്മാറിയത്. ഇവർ മുന്നോട്ട് വച്ച മറ്റെല്ലാ ആവശ്യങ്ങളിലും സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകി. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ നാളെ വീണ്ടും യോഗം ചേരും. കുടുംബാംഗങ്ങളും സമരസമിതി അംഗങ്ങളും ഈ ചർച്ചയിൽ പങ്കെടുക്കും. മന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടായാൽ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂ എന്ന നിലപാടിലാണ് ബന്ധുക്കൾ. അതുവരെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കും.