പാലക്കാട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഹോട്ടലിന്റെ റിസപ്ഷനിൽ വരികയും മൊബൈൽ ഫോൺ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ യുവതി അറസ്റ്റിൽ. കല്പാത്തി വിനായക കൈലാസ് നഗറിൽ താമസിക്കുന്ന വിദ്യ അംബാൾ (33) ആണ് പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്.
പ്രതി സിബിഐ ഓഫീസറാണെന്നു പറഞ്ഞാണ് സ്ഥാപനങ്ങളിൽ സ്വയം പരിചയപ്പെടുത്തുന്നത്. പല ജില്ലകളിലും പരാതികളുണ്ടെന്നാണ് സൂചന. മോഷണം നടത്തിയ ഫോൺ വില്പന നടത്തിയ ഷോപ്പിൽ നിന്നും കണ്ടെത്തി. പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ആഡംബരമായ ജീവിതം നയിക്കാനാണ് ചെലവഴിക്കാറുള്ളതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട് ടൗൺ ഇൻസ്പെക്ടർ വിപിൻകുമാർ, എസ്ഐ എം. സുനിൽ, വി. ഹേമലത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുബി, സുരേഷ്, ആർ. രാജീദ്, കെ.എസ്. ഷാലു, സുരേഷ്ബാബു എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.