തൃശൂർ: കെട്ടിടത്തിന്റെ മുകൾനിലയിൽ കുടുങ്ങിയ അമ്മയെയും കുഞ്ഞിനെയും റോപ്പ് റെസ്ക്യൂ സംവിധാനത്തിലൂടെ സുരക്ഷിതമായി താഴെയെത്തിച്ചു സിവിൽ സ്റ്റേഷനിൽ നടന്ന മോക് ഡ്രിൽ.
ദേശീയ ദുരന്ത പ്രതികരണസേനയുടെയും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെയും നേതൃത്വത്തിൽ പൊലിസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, മോട്ടോർവാഹനവകുപ്പ്, ആരോഗ്യവകുപ്പ്, സിവിൽ ഡിഫൻസ് വകുപ്പുകളുമായി സഹകരിച്ചാണു പരിപാടി നടത്തിയത്.
മൂന്നുനിലയിലായി സ്ഥിതിചെയ്യുന്ന ജില്ലാ സിവിൽ സ്റ്റേഷൻ കെട്ടിടം തകരുന്ന സാഹചര്യമുണ്ടായാൽ വിവിധ രക്ഷാപ്രവർത്തനസംവിധാനങ്ങൾ ഏകോപിപ്പിച്ചു നടപ്പാക്കുന്നതിനും ഇൻസിഡന്റ് റെസ്പോണ്‍സ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുമാണു പരിശീലനം നടത്തിയത്.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ആളെ പുറത്തെടുക്കാനുള്ള കട്ട് ആൻഡ് റെസ്ക്യൂ, ഫയർ റെസ്ക്യൂ, ഡോഗ് സ്ക്വാഡിന്റെ തെരച്ചിൽ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള രക്ഷാപ്രവർത്തനരീതികൾ പരിശീലനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്കു നിർദേശങ്ങൾ നൽകുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നാലു ഭാഷകളിൽ അറിയിപ്പും നൽകി. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർക്കൊപ്പം സിവിൽ ഡിഫൻസ് വോളന്റിയർമാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
മോക് ഡ്രില്ലിൽ സബ് കളക്ടർ എഹ്തെദ മുഫസിറിനെ ഇൻസിഡന്റ് കമാൻഡറായും തൃശൂർ തഹസിൽദാർ സനൽകുമാറിനെ ഡെപ്യൂട്ടി ഇൻസിഡന്റ് കമാൻഡറായും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിയോഗിച്ചിരുന്നു.