ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കുന്നതിനുള്ള ‘മോക്ക് ഇംപീച്ച്മെന്റിന് ’ ഡൽഹി പൊലിസ് അനുമതി നിഷേധിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നവംബർ ഒന്നിന് നടക്കുന്ന ബഹുജന പ്രക്ഷോഭ റാലിക്കു മുന്നോടിയായി വെള്ളിയാഴ്ച ഇന്ത്യ സഖ്യത്തിലെ 21 പാർട്ടികൾ ചേർന്ന് പൊതു ഇംപീച്ച്മെന്റ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി ഹോട്ടൽ അശോക്, രാംലീല മൈതാനം എന്നീ രണ്ടു വേദികളിൽ അനുമതി തേടിയെങ്കിലും രണ്ടിലും പൊലിസ് അനുമതി നിഷേധിച്ചെന്നാണ് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തിയത്.
എന്നാൽ, കോൺഗ്രസിന്റെ ആരോപണം തള്ളി പൊലിസ് രംഗത്തെത്തി. 30ന് രാംലീല മൈതാനത്തു നടത്തുന്ന പരിപാടിക്ക് അനുമതി തടഞ്ഞിട്ടില്ലെന്ന് പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ 25 മുതൽ നവംബർ മൂന്നു വരെ രാംലീല മൈതാനം പ്രതിഷേധത്തിനായി ബുക്ക് ചെയ്യാൻ നൽകിയ അനുമതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
അതേസമയം, അശോക് ഹോട്ടലിൽ പ്രക്ഷോഭത്തിന് അനുമതി നൽകുന്നത് ഹോട്ടൽ അധികൃതരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും പൊലിസ് അറിയിച്ചു.