നെയ്യാറ്റിന്‍കര : പ്രതിഫലേച്ഛ ആഗ്രഹിക്കാതെയുള്ള സാമൂഹ്യ പ്രവർത്തനം ജീവവായുവായി കണക്കാക്കുന്ന ഒരു പച്ചമനുഷ്യന്റെ ഏറ്റവും പുതിയ പഠന ഗവേഷണ മേഖലയാണ് പ്രകൃതിയോടിണങ്ങുന്ന ഈ ഹരിതപരിസരം. ശാസ്ത്രത്തെയും അക്ഷരങ്ങളെയും പുത്തൻ ചിന്തകളിലേയ്ക്ക് സംക്രമിപ്പിച്ച് പുതുതലമുറയ്ക്ക് ദിശാബോധം നൽകാൻ ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ഒരു കര്ഷകഹൃദയത്തിന്റെ സ്വപ്നശാല. സാമൂഹ്യപ്രവര്‍ത്തകനായ കലാനാഥ് നിര്‍മിച്ച പരിസ്ഥിതി സൗഹൃദ മത്സ്യക്കുളത്തെയും ചുറ്റുവട്ടത്തെയും ഇങ്ങനെ പലതരത്തില്‍ വിശേഷിപ്പിക്കാം.
ജൈവകൃഷി പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെ ജീവിതപ്രയാണം തുടരുന്ന കലാനാഥിന്റെ ഈ മാതൃകാ സംരംഭം കാര്ഷികാഭിമുഖ്യമുള്ളവര്ക്ക് സംയോജിത കൃഷിരീതികളെ കുറിച്ച് നേരിട്ടറിയാനും പഠിക്കാനും കൂടി അവസരം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ യാഥാര്‍ഥ്യമാക്കിയതാണ്.
ജൈവമത്സ്യകൃഷിയാണ് കുളത്തില്‍ അവലംബിച്ചിരിക്കുന്നത്. കുളത്തിന് ചുറ്റും ജൈവ പച്ചക്കറിയും പൂക്കളും കൃഷി ചെയ്തിട്ടുണ്ട്. ഫലവൃക്ഷങ്ങളും ധാരാളം. ഒറ്റനോട്ടത്തില്‍ തന്നെ ആകര്‍ഷകമായ കുളത്തിലെ മത്സ്യങ്ങളുടെ തീറ്റയായി നല്‍കുന്നത് ചേന, ചേമ്പ് എന്നിവയുടെ ഇലകളും അസോളയുമാണ്. മത്സ്യങ്ങളുടെ തീറ്റയ്ക്കായി അസോള വളർത്തുന്നതിനായുള്ള സംവിധാനവും സമീപത്ത് ഒരുക്കിയിട്ടുണ്ട്.
കുളത്തിന് അരികിലായി മുളകളും ഓലയും ഉപയോഗിച്ച് നിര്‍മിച്ച ഏറുമാടത്തിന്റെ സാന്നിധ്യം അവിടം കൂടുതല്‍ മനോഹരമാക്കുന്നു. നട്ടുച്ചയ്ക്കു പോലും ഏറുമാടത്തിനുള്ളിൽ നല്ല തണുത്ത അന്തരീക്ഷമാണ്. ഏറുമാടത്തിന് താഴെയുള്ള ഭാഗത്ത് ജൈവ കാര്‍ഷിക അറിവുകള്‍ ഉള്‍പ്പെടെ പങ്കു വയ്ക്കാനും ചര്‍ച്ച ചെയ്യാനുമൊക്കെയായി സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാല എന്നീ പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്ത്തകന് കൂടിയാണ് കലാനാഥ്.