കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കളിപ്പാവയായി മോദി മാറിയെന്നും ട്രംപ് പറയുന്നതിനനുസരിച്ചാണ് പ്രധാനമന്ത്രി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ജന്തർ മന്തർ @ കൊച്ചി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഭിജീത്.
സിജെപിക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന ബിജെപി ആരോപണത്തെയും അഭിജീത് ചോദ്യം ചെയ്തു. വിദേശ ഫണ്ട് ലഭിക്കുന്നത് സിജെപിക്കല്ല മോദിക്കാണ്. രാജ്യത്തെ വിറ്റത് മോദിയാണെന്നും ട്രംപിന് മുന്നിൽ കീഴടങ്ങിയ പ്രധാനമന്ത്രി ഇപ്പോൾ അദ്ദേഹത്തിന് വിധേയമായി പ്രവർത്തിക്കുകയാണ്. ട്രംപിന്റെ താരിഫ് ഭീഷണിക്ക് മുന്നിൽ മോദി കീഴടങ്ങി. എന്നിട്ടും സിജെപിക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നത് വിരോധാഭാസമാണ്.
ഡൽഹിയിലെ സമരത്തെ അടിച്ചമർത്താൻ മോദി സർക്കാർ പരമാവധി ശ്രമിച്ചെന്നും എന്നാൽ കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നും അഭിജീത് വ്യക്തമാക്കി. ദേശീയ പതാക ഉയർത്തിയതിനാണ് താൻ ജയിലിൽ പോയതെന്നും രാജ്യത്തിന്റെ ഏത് കോണിൽ പോയാലും ദേശീയ പതാക കൈയിലേന്തുമെന്നും അദ്ദേഹം പറഞ്ഞു. ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
നെഹ്റുവിനും ഗാന്ധിജിക്കും ഒപ്പം നിൽക്കാൻ മോദിക്ക് കഴിയില്ല. എത്ര വർഷം ഭരിച്ചാലും നെഹ്റുവിനേക്കാൾ വലിയ നേതാവാകാൻ മോദിക്ക് കഴിയില്ല. രാജ്യത്തെ ജനങ്ങളെ നേരിടാൻ പ്രധാനമന്ത്രി ഭയക്കുന്നത് എന്തിനാണ്. 56 ഇഞ്ചുകാരൻ എത്രത്തോളം ഭീരുവാണെന്ന് സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം വ്യക്തമാക്കിയെന്നും അഭിജീത് ദീപ്കെ പറഞ്ഞു.