എടവണ്ണ: ചാലിയാർ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ ചുഴിയിൽ അകപ്പെട്ട വിദ്യാർഥി മുങ്ങി മരിച്ചു. കുണ്ടുതോട് കൊട്ടന്പാറയിലെ തേലക്കാട് ജാഫർ എന്ന ബാപ്പുട്ടിയുടെ മകൻ മുഹമ്മദ് ഷമൽ (13) ആണ് മുങ്ങി മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ ചാലിയാർ പുഴയിൽ കുണ്ടുതോട് വട്ടപ്പാറ കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് ഷമൽ ചുഴിയിൽ അകപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ നടത്തിയ തെരച്ചിലിനിടയിൽ കുട്ടിയെ കണ്ടെത്തുകയും ഉടൻ എടവണ്ണയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുണ്ടുതോട് എഎംഎയുപി സ്കൂൾ ഏഴാംതരം വിദ്യാർഥിയാണ്. മാതാവ്: ഫെബിന (ചെരണി). സഹോദരങ്ങൾ: മിൻഹ, എമിൻ. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് കുണ്ടുതോട് സുന്നി ജുമാമസ്ജിദിൽ കബറടക്കും.