തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുഹമ്മദ് അസറുദ്ദീന്റെയും (139) സച്ചിൻ ബേബിയുടെയും (113) സെഞ്ചുറിക്കരുത്തിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം 404 റൺസ് നേടി.
ആറ് വിക്കറ്റിന് 245 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ കേരളത്തിനായി ഏഴാം വിക്കറ്റിൽ അസ്ഹറുദ്ദീനും ആദിത്യ സർവാതേയും 99 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 77 പന്തിൽ ഏഴ് ഫോറിന്റെ സഹായത്തോടെ 53 റൺസ് അടിച്ച ആദിത്യയെ പുറത്താക്കി രാജേഷാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കേരളത്തിന് അധികം പിടിച്ചുനിൽക്കാനായില്ല.
അഭിജിത് പ്രവീൺ 14 റൺസിനും വൈശാഖ് ചന്ദ്രൻ ഒരു റണ്ണിനും പുറത്തായി. എം.ഡി.നിധീഷിന്റെ സമ്പാദ്യം 15 റൺസായിരുന്നു. ഒഡീഷയ്ക്കായി ലളിത് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രാജേഷ് മൊഹന്തിയും സൗമ്യ ലെങ്കയും രണ്ട് വിക്കറ്റ് വീതം നേടി. ആദ്യ ദിനത്തിൽ തകർച്ച നേരിട്ട കേരളത്തെ സച്ചിൻ ബേബിയും അസറുദ്ദീനും ചേർന്നാണ് കരകയറ്റിയത്.