ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത മുജ്തബ ഖമനയ്. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഉടനടി അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം അവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുമെന്നും പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെയാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഈ താവളങ്ങൾ പൂട്ടാൻ തയ്യാറായില്ലെങ്കിൽ ശക്തമായ ആക്രമണങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഇറാൻ തുടരും. ലോകത്തെ എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഇവിടെ ഇറാൻ നടത്തുന്ന നിയന്ത്രണങ്ങൾ പിൻവലിക്കില്ല. രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കും. നിലവിലെ യുദ്ധത്തിൽ ധീരമായി പോരാടുന്ന ഇറാൻ സൈന്യത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
അയൽരാജ്യങ്ങളുമായി സൗഹൃദമാണ് ഇറാൻ ആഗ്രഹിക്കുന്നത്. അവർക്കെതിരെയല്ല, മറിച്ച് അമേരിക്കൻ അധിനിവേശത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും മുജ്തബ വിശദീകരിച്ചു. യുദ്ധത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സാമ്പത്തിക സഹായവും അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമനയ്യുടെ മരണത്തിന് പിന്നാലെയാണ് മകൻ മുജ്തബ ഖമനയ് അധികാരമേറ്റത്.