കണ്ണൂർ: കണ്ണുരിൽ തലശേരിക്ക് സമീപം മഞ്ഞോടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ ദേഹത്തേക്ക് വീടിന്റെ സീലിംഗ് തകർത്ത് ഉടുമ്പ് വീണു. സംഭവത്തിൽ 85 കാരിയായ ജാനകിക്ക് പരിക്കേറ്റു. വീട്ടിൽ തനിച്ചുതാമസിക്കുന്ന ജാനകിയുടെ ദേഹത്തേക്ക് ഉടുമ്പ് പതിച്ചത്.
വീടിന്റെ മുകളിലെ സീലിംഗ് പൊളിച്ച് കട്ടിലിന് മുകളിലേക്ക് ഉടുമ്പ് വീഴുകയായിരുന്നു. കട്ടിലിന് മുകളിലുണ്ടായിരുന്ന കൊതുവലയിൽ തടഞ്ഞാണ് ഉടുമ്പ് നേരിട്ട് ശരീരത്തിൽ പതിക്കാതിരുന്നതെങ്കിലും ആക്രമണത്തിലും വീഴ്ചയിലും ജാനകിയുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. വീടിനുള്ളിലെ പല ഉപകരണങ്ങളും ഉടുമ്പ് തകർത്തു. ഓടിയെത്തിയ നാട്ടുകാരാണ് ജാനകിയെ ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്ത് ഉടുമ്പുകളെ സാധാരണയായി കണ്ടിട്ടുണ്ടെങ്കിലും വീടിനുള്ളിൽ കയറി ഇത്തരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് ആദ്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.