മോണ്ടെവിദിയോ: നന്മയും പ്രതീക്ഷയും പങ്കുവച്ച് ഈശോമിശിഹായുടെ സന്ദേശം ലോകത്തിനു പകരുകയാണ് കത്തോലിക്കാ സഭയുടെ ലക്ഷ്യമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ലാറ്റിനമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി ഉറുഗ്വെ തലസ്ഥാനമായ മോണ്ടെവിദിയോയിലെത്തിയ മാർപാപ്പ, പ്ലാസാ ഇന്ദേപെൻദേൻസിയയിലെ സ്വീകരണച്ചടങ്ങിൽ പ്രസംഗിക്കവേ ജനാധിപത്യമൂല്യങ്ങൾ, പൊതുനന്മ, പൗരസ്വാതന്ത്ര്യം, സാമൂഹിക ക്ഷേമം എന്നിവയുടെ പ്രാധാന്യം ഓർമിപ്പിച്ചു. സാമ്പത്തികശേഷി പരിഗണിക്കാതെ എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും ഏകാന്തതയും നിരാശയും അനുഭവിക്കുന്നവരെ ചേർത്തുപിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭാവിതലമുറയ്ക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പുനരുപയോഗ ഊർജമേഖലയിൽ ഉറുഗ്വെ കൈവരിച്ച നേട്ടങ്ങളും മാർപാപ്പ എടുത്തുപറഞ്ഞു.
മതേതര രാജ്യങ്ങളിൽ വിശ്വാസികൾക്കും അല്ലാത്തവർക്കും പരസ്പര ബഹുമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. മതസമൂഹങ്ങൾക്ക് പൊതുനന്മയ്ക്കായി സംഭാവന നൽകാൻ അവകാശമുണ്ടെന്നും മാർപാപ്പ വ്യക്തമാക്കി. മാർപാപ്പയെ കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഉറുഗ്വെയുടെയും വത്തിക്കാന്റെയും പതാകകൾ ഏന്തിയ കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ തെരുവുകളിൽ നിറഞ്ഞു. മദർ തെരേസയുടെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും വേഷമണിഞ്ഞ കൊച്ചുകുട്ടികൾ മാർപാപ്പ കടന്നുവരുന്ന വഴിയിൽ കാത്തുനിന്നു.
മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, സെമിനാരി വിദ്യാർഥികൾ എന്നിവർക്കായി സംഘടിപ്പിച്ച സന്ധ്യാപ്രാർഥനയ്ക്കിടെ സംസാരിക്കവെ, പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികൾ വർധിക്കാൻ ലോകമെമ്പാടും പ്രാർഥിക്കണമെന്നും ഉപവാസം ആചരിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
2024ൽ ഉറുഗ്വെയിലെ സെമിനാരിയിൽ പുതിയ വിദ്യാർഥികളാരും പ്രവേശിക്കാതിരുന്ന സാഹചര്യത്തിൽ ആരംഭിച്ച പ്രാർഥനയുടെ ഫലമായി ഇപ്പോൾ നിരവധി യുവാക്കൾ വൈദികപരിശീലനം ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ ഉപേക്ഷിക്കുന്നതും ഉപവാസത്തിന്റെ ഭാഗമാകണമെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
അപ്പസ്തോലിക് നുൺഷ്യേച്ചറിന്റെ ബാൽക്കണിയിൽ നിന്ന് യുവാക്കളെ അഭിസംബോധന ചെയ്ത മാർപാപ്പ, ഉറുഗ്വെ ആഴമായ വിശ്വാസമുള്ള യുവാക്കളുടെ രാജ്യമാണെന്ന് വിശേഷിപ്പിച്ചു. യുവാക്കളുടെ ആവേശകരമായ സ്വീകരണത്തിന് നന്ദി അറിയിക്കുകയും എല്ലാവരെയും ആശീർവദിക്കുകയും ചെയ്തു.നേരത്തേ, കരാസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മാർപാപ്പയ്ക്കു പ്രൗഢഗംഭീരമായ വരവേല്പാണു ലഭിച്ചത്.
12 ദിവസം നീളുന്ന സന്ദർശനത്തിന്റെ ഭാഗമായി ഉറുഗ്വെയിലെ നാലാമത്തെ വലിയ നഗരമായ പൈസാന്ദുവിലെ "മുനിസിപ്പൽ പാർക്ക് പാരീസ്- ലണ്ടനിൽ’ ഇന്നു രാവിലെ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് മോണ്ടെവിദിയോയിലെ ഉറുഗ്വെ കത്തോലിക്ക സർവകലാശാലയിൽ അധ്യാപകരെയും വിദ്യാഭ്യാസ വിദഗ്ധരെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഉറുഗ്വെയ്ക്കും അർജന്റീനയ്ക്കും ശേഷം പെറുവിലും മാർപാപ്പ സന്ദർശനം നടത്തും. റോബർട്ട് പ്രെവോസ്റ്റ് എന്നപേരിൽ 20 വർഷത്തോളം മിഷണറിയായും ബിഷപ്പായും മാർപാപ്പ സേവനമനുഷ്ഠിച്ച രാജ്യമാണു പെറു.