മൂഡബിദ്രി: 85-ാമത് അഖിലേന്ത്യ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിലെ അതിവേഗക്കാരെ നിർണയിച്ച 100 മീറ്ററിൽ റിക്കാർഡ് ഭേദിച്ച പ്രകടനവുമായി ഭാരതിയാറിന്റെ എസ്. സാം വസന്ത്. സെമിയിൽ 10.39 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നാണ് റിക്കാർഡ് ഭേദിക്കുന്ന പ്രകടനം സാം വസന്ത് നടത്തിയത്.
എന്നാൽ, ഫൈനലിൽ 10.44 സെക്കൻഡിലായിരുന്നു സാം സ്വർണം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. 2008ൽ മംഗളൂരു സർവകലാശാലയുടെ വി. എലക്യദാസൻ കുറിച്ച 10.41 എന്ന സമയംസെമിയിൽ സാം മറികടന്നു.
കോച്ച് വേൽമുരുകൻ, മാതാപിതാക്കളായ കളിച്ചെൽവി-സുബ്രഹ്മണ്യം എന്നിവർക്കു തന്റെ സ്വർണം സമർപ്പിക്കുന്നതായി ചെസ്റ്റ് നന്പറിൽ കുറിച്ചായിരുന്നു സാം ട്രാക്കിലെത്തിയത്. കോയന്പത്തൂരിലെ കൊംഗുനാഡു ആർട്സ് ആൻഡ് സയൻസ് കോളജിലെ ഡിഗ്രി വിദ്യാർഥിയാണ് സാം.
മാംഗളൂരുവിന്റെ വിഭാസ്കർ കുമാർ (10.57) വെള്ളിയും മദ്രാസിന്റെ ജിറ്റ്സണ് (10.59) വെങ്കലവും സ്വന്തമാക്കി.
വേഗമേറിയ വനിതാ താരമെത്തിയതും തമിഴ്നാടിൽനിന്ന്. മദ്രാസ് സർവകലാശാലയുടെ പാർഥിപ സെൽവരാജ് 11.74 സെക്കൻഡിൽ വേഗറാണിയായി. എംഒപി വൈഷ്ണവ കോളജിലെ എംഎ കമ്മ്യൂണിക്കേഷൻ രണ്ടാം വർഷ വിദ്യാർഥിയണ്.
നാമക്കൽ സ്വദേശികളായ സുമതിയുടെയും സെൽവരാജിന്റെയും മകൾ. എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ടിലെ സുബ്ദർശിനി (11.89), ഡൽഹി സർവകലാശാലയിലെ തനിഷ രാഘവ് (11.93) എന്നിവർക്കാണ് വെള്ളിയും വെങ്കലവും.