കോട്ടയം: 2025-26 സീസണ് ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) ഫുട്ബോള്‍ ആരംഭിക്കാനുള്ള എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) ശ്രമത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മൊറോക്കന്‍ സൂപ്പര്‍ താരം നോഹ് സദോയിയും ക്ലബ് വിട്ടു.
ക്യാപ്റ്റനും ഉറുഗ്വെന്‍ താരവുമായി അഡ്രിയാന്‍ ലൂണ വര്ഷാദ്യദിനത്തില് ലോണ്‍ ഔട്ട് ആയതിനു പിന്നാലെയാണ് സമാനരീതിയില്‍ നോഹ് സദോയിയും കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.
32കാരനായ നോഹ് സദോയി 2024 ജൂലൈയില്‍ എഫ്സി ഗോവയില്‍നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. 2026 മേയ് 31വരെ ബ്ലാസ്റ്റേഴ്സുമായി താരത്തിനു കരാറുണ്ട്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ ഇതുവരെ ആകെ 28 മത്സരങ്ങള്‍ കളിച്ചു. 14 ഗോള്‍ നേടി, ഏഴ് ഗോളിന് അസിസ്റ്റ് ചെയ്തു. 2025-26 സീസണില്‍ സൂപ്പര്‍ കപ്പില്‍ മൂന്നു മത്സരങ്ങള്‍ കളിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.
ഇന്തോനേഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബിലേക്കാണ് നോഹ് ചേക്കേറുക എന്നാണ് സൂചന. ബ്ലാസ്റ്റേഴ്സിന്റെ ബ്രസീലിയന്‍ താരം തിയാഗോ ആല്‍വെസ് നേരത്തേ ക്ലബ് വിട്ടിരുന്നു.