മെൽബൺ: ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മെൽബണിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി (33), ഭർതൃമാതാവ് രമാദേവി (67) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 9.40-ഓടെ മെൽബണിന് സമീപമായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവരെയും അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവറെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
എന്നാൽ, നേഹയും രമാദേവിയും ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവർ ചികിത്സയിൽ തുടരുകയാണ്.
ഭർത്താവ് വരുൺ ചന്ദ്രയ്ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്ട്രേലിയയിലാണ് താമസം. ദമ്പതിമാർക്ക് മൂന്നരവയസുള്ള മകനും ഒരു വയസുള്ള മകളുമുണ്ട്. രാമാദേവി ഭർത്താവ് തുളസി പ്രസാദിനൊപ്പം കുടുംബത്തെ സന്ദർശിക്കാനാണ് ഓസ്ട്രേലിയയിലെത്തിയത്.
നേഹയുടെയും രമാദേവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു.