കോഴിക്കോട്: ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ വ്യാജ മോട്ടോര്‍ അപകട ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ തടയാന്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി).
വ്യാജവും സംശയസ്പദവുമായ മോട്ടോര്‍ വാഹനാപകട ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാര ക്ലെയിമുകള്‍ കണ്ടെത്തുന്നതിനും അന്വേഷിക്കുന്നതിനും ക്രമസമാധാന ചുമതലയുള്ള എഡിജിപി അധ്യക്ഷനായ അഞ്ചംഗ സംഘത്തിനാണു ചുമതല.
സുപ്രീംകോടതി ഉത്തരവുകളുടെയും ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പരാതികളുടെയും അടിസ്ഥാനത്തിലാണ് നടപടി. വ്യാജ ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ തടയുന്നതിനുള്ള സംസ്ഥാനതല ഏകോപന സമിതിയായി എസ്ഐടി പ്രവര്‍ത്തിക്കും. ഒരേ വാഹനം, ഡ്രൈവിംഗ് ലൈസന്‍സ്, അപേക്ഷകര്‍ എന്നിവ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ഉള്‍പ്പടെയുള്ള തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനു ഡിജിറ്റല്‍ ഡാറ്റാബേസുകള്‍ ഉപയോഗപ്പെടുത്തും.
പ്രാഥമികമായി തട്ടിപ്പ് ബോധ്യപ്പെടുന്ന കേസുകളില്‍ ലോക്കല്‍ പൊലിസോ മറ്റ് അന്വേഷണ ഏജന്‍സികളോ മുഖേന ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.
ഒരു വ്യക്തിയും ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡും തമ്മിലുണ്ടായിരുന്ന കേസില്‍ സുപ്രീം കോടതിയുടെ 2023, 25 വര്‍ഷങ്ങളിലെ ഉത്തരവുകളും ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് നോഡല്‍ ഓഫിസര്‍ ആലീസ് ജോണ്‍, ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് ലീഗല്‍ മാനേജര്‍ അനീഷ് ശ്രീനിവാസന് തുടങ്ങിയവര്‍ സമര്‍പ്പിച്ച നിവേദനങ്ങളും പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.