Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MotorVehicle

വെള്ളമടിക്കുന്നവർ സൂക്ഷിക്കുക! ലൈസൻസ് തിരികെ കിട്ടാൻ ഇനി മൂന്നു ദിവസം ട്രെയിനിംഗ് ക്ലാസ്

കോട്ടയം: ലഹരിയിൽ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങളും കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരക്കാർക്കെതിരേ നടപടികൾ കടുപ്പത്തിലാക്കി മോട്ടോർ വാഹനവകുപ്പും പോലീസും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കായുള്ള പരിശോധന സംസ്ഥാനത്തെമ്പാടും കർശനമാക്കി. രാത്രിയും പകലും ഒരുപോലെ പരിശോധന നടത്താനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച കോട്ടയം ജില്ലയിൽ മാത്രം 528 പേർ മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായി. ഇങ്ങനെ പിടിയിലാകുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ പോലീസ് മോട്ടോർ വാഹനവകുപ്പിന് ശിപാർശ നൽകുന്നുണ്ട്.

ലൈസൻസ് തിരികെ കിട്ടാൻ

ഒരു വർഷത്തിനിടെ കോട്ടയം ജില്ലയിൽ മാത്രം മദ്യപിച്ച് വാഹനമോടിച്ച 240 പേരുടെ ലൈസൻസ് മൂന്നു മാസത്തേക്കു മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മൂന്നു മാസം കഴിഞ്ഞാലും ഇവർക്ക് ഉടനെ ലൈസൻസ് ഉടനെ തിരികെ കിട്ടില്ല. സസ്പെൻഷൻ കാലാവധിക്കു ശേഷം കറക്ടീവ് ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കേണ്ടിവരും. മോട്ടോർ വാഹനവകുപ്പ് നിർദേശിക്കുന്ന ട്രെയിനിംഗ് കേന്ദ്രങ്ങളിൽ മൂന്നു ദിവസത്തെ പരിശീലനം പൂർത്തിയാക്കണം. ട്രെയിനിംഗ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ മാത്രമാണ് സസ്പെൻഡ് ചെയ്തിരിക്കുന്ന ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ. ഉത്തരവാദിത്വമുള്ള ഡ്രൈവിംഗ് ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രെയിനിംഗ് വിഭാവനം ചെയ്തിരിക്കുന്നത്.

ശിക്ഷ ഇങ്ങനെ

മോട്ടോർ വാഹന നിയമം അനുസരിച്ച് മദ്യപിച്ചോ ലഹരിമരുന്നോ ഉപയോഗിച്ചോ വാഹനമോടിക്കുന്നതു ഗുരുതര കുറ്റമാണ്. ബ്രത്ത് അനലൈസർ അല്ലെങ്കിൽ ലാബ് പരിശോധനയിൽ 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ ആൽക്കഹോൾ അളവ് കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്യും. ആദ്യ കുറ്റകൃത്യത്തിന് ആറു മാസം വരെ തടവുശിക്ഷയോ 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ രണ്ടു വർഷം തടവുശിക്ഷയോ 15,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. ഗുരുതര സാഹചര്യമെങ്കിൽ മെഡിക്കൽ പരിശോധന നടത്തും. വാഹനം പിടിച്ചെടുക്കും. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ പോകാമെങ്കിലും കേസ് കോടതിയിലേക്കു വിടും. സമൻസ് വരുമ്പോൾ കോടതിയിൽ ഹാജരാകണം.

Latest News

Corehub Up