കൊച്ചി: സീറോമലബാർ സഭയുടെ ഉന്നതവിദ്യാഭ്യാസ സമിതി യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്നു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു.
പാലാ ബിഷപ്പും വിദ്യാഭ്യാസ കമ്മിറ്റി കൺവീനറുമായ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം പ്രസംഗിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമകാലിക പ്രവണതകളും പുതിയ നയങ്ങളും ചർച്ച ചെയ്ത യോഗത്തിൽ പ്രമുഖർ വിഷയാവതരണങ്ങൾ നടത്തി. പ്രൈവറ്റ് യൂണിവേഴ്സിറ്റി, ഡീംഡ് ടുബി യൂണിവേഴ്സിറ്റി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പാലാ സെന്റ് തോമസ് കോളജ് ബർസാറും ഇംഗ്ലീഷ് അധ്യാപകനുമായ ഫാ. മാത്യു അലപ്പാട്ട്മേടയിലും എൻഇപിയും കോളജുകളുടെ തയാറെടുപ്പുകളും സംബന്ധിച്ച വിഷയങ്ങളെ ആസ്പദമാക്കി ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജിലെ ഇംഗ്ലീഷ് അധ്യാപകൻ ഡോ. നിതിൻ വർഗീസും വിഷയാവതരണം നടത്തി.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി, സംരംഭകത്വം തുടങ്ങിയ മേഖലകളെക്കുറിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് പ്രസംഗിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് വിപുലമായ ചർച്ചയും നടന്നു. സീറോമലബാർ സഭയുടെ കമ്മിറ്റി ഫോർ എഡ്യുക്കേഷന്റെ നേതൃത്വത്തിലാണ് ഉന്നതതല യോഗം സംഘടിപ്പിച്ചത്.